വോട്ടു യന്ത്രം: തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: വോട്ടു യന്ത്രങ്ങളുടെ കൃത്യതയും കാര്യക്ഷമതയും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചു. സി.ബി.െഎക്കും നോട്ടീസ് അയക്കണമെന്ന ഹരജിക്കാരെൻറ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ബി.എസ്.പി നേതാവ് മായാവതി, മുൻ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തുടങ്ങിയവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വോട്ടു യന്ത്രങ്ങളിൽ വ്യാപക കൃത്രിമം നടത്തിയെന്ന് ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച തെരഞ്ഞെടുപ്പ് കമീഷൻ വോട്ടു യന്ത്രങ്ങൾ കുറ്റമറ്റതും അട്ടിമറിക്കാൻ കഴിയാത്തതുമാണെന്ന് അവകാശപ്പെട്ടിരുന്നു.
ഇൗ അവകാശ വാദം തള്ളി മായാവതി കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടയിലാണ് സുപ്രീംകോടതിയിലെ സ്ഥിരം വ്യവഹാരി അഡ്വ. മനോഹർലാൽ ശർമ പൊതുതാൽപര്യ ഹരജിയുമായി എത്തിയത്. ഭാവിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരെഞ്ഞടുപ്പ് മതിയെന്ന് രാജ്യസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ കമീഷൻ തീർപ്പുകൽപിക്കെട്ടയെന്നും സർക്കാർ ഇടപെടുന്നില്ലെന്നും േകന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. അതേസമയം, വോട്ടു യന്ത്രങ്ങളിൽനിന്ന് വോട്ടുചെയ്ത ചിഹ്നം കാണിക്കുന്ന ശീട്ട് ലഭിക്കാൻ വിവിപാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഒാഡിറ്റ് ട്രയൽ) ഘടിപ്പിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ട 3000 കോടി രൂപ കേന്ദ്ര സർക്കാർ കൊടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നൽകാൻ നിയമ മന്ത്രി രാജ്യസഭയിൽ തയാറായില്ല. ഇതേ തുടർന്ന് പ്രതിപക്ഷ എം.പിമാർ വ്യാഴാഴ്ച രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.