തമിഴ് നടിയെ ബലാത്സംഗം ചെയ്ത തമിഴ്നാട് മുൻ മന്ത്രി അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ് നടിയെ ബലാത്സംഗം ചെയ്ത കേസിൽ എ.ഐ.എ.ഡി.എം.കെ മുൻ മന്ത്രി എം. മണികണ്ഠൻ അറസ്റ്റിൽ. ബംഗളൂരുവിൽനിന്നാണ് മണികണ്ഠനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മദ്രാസ് ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് മുൻ മന്ത്രിയുടെ അറസ്റ്റ്.
ഗുരുതര കുറ്റകൃത്യമാണ് മണികണ്ഠേന്റതെന്നും പദവി ഉപയോഗിച്ച് കേസ് തേച്ചുമാച്ചുകളയുമെന്നും നിരീക്ഷിച്ചതിന് ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്.
മലേഷ്യൻ പൗരത്വം നേടിയ നടിയും മുൻ മന്ത്രിയും തമ്മിൽ അഞ്ചുവർഷത്തോളം പരിചയമുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തതായാണ് കേസ്. കൂടാതെ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.
തുടർന്ന് 44കാരനായ മണികണ്ഠനെതിരെ വഞ്ചന, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
2017ലാണ് നടിയുമായി പരിചയത്തിലാകുന്നത്. നടി മലേഷ്യൻ ടൂറിസം ഡെവലപ്മെന്റ് ഓർഗനൈസേഷനുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കുകയും ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഭാര്യയിൽനിന്ന് വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു മുൻ മന്ത്രി നൽകിയ വാഗ്ദാനം. യുവതിയെ മൂന്നുതവണ ഗർഭം അലസിപ്പിക്കലിന് വിധേയമാക്കി. പിന്നീട്, ക്രൂരമായി ഉപദ്രവിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായും പരാതിയിൽ പറയുന്നു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം മണികണ്ഠൻ നിഷേധിച്ചു. മറ്റു ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതോടെ പരാതി നൽകുകയായിരുന്നുവെന്നാണ് മണികണ്ഠന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.