‘ഇനിയും ബഹളം വെച്ചാൽ കഴുത്തിന് കുത്തിപിടിക്കും’; പൊതുമധ്യത്തിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്
text_fieldsകൊൽക്കത്ത: പൊതുമധ്യത്തിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തി മുതിർന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ റോഡ് ഉദ്ഘാടനത്തിനിടെയാണ് നേതാവിന്‍റെ ഭീഷണി. ആറാം വാർഡിലെ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഘോഷ്.
ഇതിനിടെ എം.പിയായിരുന്ന കാലത്ത് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ച് ഏതാനും സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഘോഷിനെ വളഞ്ഞ പ്രതിഷേധക്കർ, ഇതുവരെ നിങ്ങൾ എവിടെയായിരുന്നെന്നും എം.പിയായിരുന്ന കാലത്ത് ഞങ്ങൾക്ക് ഒരുദിവസം പോലും കാണാനായില്ലെന്നും കുറ്റപ്പെടുത്തി. വാർഡ് കൗൺസിലർ റോഡ് നിർമിച്ചപ്പോഴാണ് നിങ്ങൾ ഇവിടെ വന്നതെന്നും പരിഹസിച്ചു. എന്നാൽ, മമതാ ബാനർജിയുടെ അനുയായികളാണ് ഇവരെന്ന് പറഞ്ഞ് പ്രതിഷേധത്തെ തള്ളിക്കളയുകയാണ് ദിലീപ് ചെയ്തത്.
‘ഞാനാണ് ഈ പ്രവൃത്തിക്ക് തുക അനുവദിച്ചത്, ഇത് നിങ്ങളുടെ അച്ഛന്‍റെ പണമല്ല, പോയി പ്രദീപ് സർക്കാറിനോട് (ടി.എം.സി കൗൺസിലർ) ചോദിച്ച് നോക്ക്’ -ദിലീപ് ഘോഷ് ആക്രോശത്തോടെ പറഞ്ഞു. നേതാവിന്‍റെ മറുപടിയിൽ രോഷാകുലരായ സ്ത്രൂകളിലൊരാൾ എന്തിനാണ് അച്ഛനെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും നിങ്ങളൊരു എം.പിയായിരുന്നില്ലെ എന്നും ചോദിച്ചു. നിങ്ങളുടെ പതിനാല് തലമുറകളെ വരെ താൻ പറയുമെന്നാണ് ദിലീപ് ദേഷ്യത്തോടെ മറുപടി നൽകിയത്. ഇതോടെ പ്രതിഷേധം ശക്തമായി. പിന്നാലെയാണ് ഇതുപോലെ ബഹളം വെക്കരുതെന്നും കഴുത്തിന് കുത്തിപിടിക്കുമെന്നും ഭീഷണി മുഴക്കിയത്. എം.പി ഫണ്ടിൽനിന്ന് താനാണ് റോഡിന് പണം അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ സുരക്ഷ ജീവനക്കാരും മറ്റും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ദിലീപ് ഘോഷിന്‍റെ നടപടിയെ വാർഡ് കൗൺസിലറായ പ്രദീപ് സർക്കാർ രൂക്ഷമായി വിമർശിച്ചു. ‘നിലവിൽ എം.പിയല്ലാത്ത അദ്ദേഹം എന്തിനാണ് റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയത്? മുനിസിപ്പാലിറ്റിയാണ് റോഡിന്‍റെ നിർമാണം പൂർത്തിയാക്കിയത്. പിതാക്കന്മാരെ വിളിച്ച് സ്ത്രികളെ അധിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്’ -കൗൺസിലർ കുറ്റപ്പെടുത്തി.
ടി.എം.സി രാഷ്ട്രീയമായി ആസൂത്രണം ചെയ്ത പ്രതിഷേധമാണിതെന്ന് ഘോഷ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതൊരു പ്രതിഷേധമല്ല. 500 രൂപക്കുവേണ്ടിയാണിവർ ഇവർ ഇവിടെ വന്നതെന്നും കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.