ബിഹാർ മുൻ ഡി.ജി.പിയുടെ രാഷ്ട്രീയ പ്രവേശനം; ദേവേന്ദ്ര ഫഡ്നാവിസിനെ പരിഹസിച്ച് മഹാരാഷ്ട്ര കോൺഗ്രസ്
text_fieldsമുംബൈ: സർവിസിൽ നിന്ന് സ്വമേധയാ വിരമിച്ച് മുൻ ബിഹാർ ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡെ ജെ.ഡി.യുവിൽ ചേർന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പരിഹസിച്ച് കോൺഗ്രസ്.
സുശാന്ത് സിങ് രാജ്പുത്തിൻെറ മരണവുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പൊലീസിനെ അപമാനിച്ച പാണ്ഡെയെ ജെ.ഡി.യു ടിക്കറ്റിൽ മത്സരിക്കാൻ ഫഡ്നാവിസ് അനുവദിക്കില്ലെന്നാണ് കരുതുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് പറഞ്ഞു.
'മഹാരാഷ്ട്രയെയും മുംബൈ പൊലീസിനെയും അധിക്ഷേപിച്ച ഗുപ്തേശ്വർ പാണ്ഡെക്ക് ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു ടിക്കറ്റ് നൽകിയാൽ അത് അത്യന്ത്യം വേദനാജനകമായിരിക്കും. അതും ദേവേന്ദ്ര ഫഡ്നാവിസ് ബിഹാറിലെ ബി.ജെ.പിയുടെ ചുമതല വഹിക്കുന്ന സാഹചര്യത്തിൽ.' കോൺഗ്രസ് വക്താവ് സചിൻ സാവന്ത് ട്വീറ്റ് ചെയ്തു.
'അതിനെ ഫഡ്നാവിസ് ശക്തമായി എതിർത്തില്ലെങ്കിൽ മഹാരാഷ്ട്രയിലെ ജനങ്ങളുടെ നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകേണ്ടി വരും'- സാവന്ത് കൂട്ടിച്ചേർത്തു.
സുശാന്തിൻെറ കാമുകി റിയ ചക്രവർത്തിക്കും മുംബൈ പൊലീസിനുമെതിരെ ഞെട്ടിക്കുന്ന പരാമർശങ്ങൾ നടത്തിയ പണ്ഡെ ഞായറാഴ്ചയാണ് ജെ.ഡി.യുവിൽ ചേർന്നത്. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിെൻറ വസതിയിൽ വെച്ചായിരുന്നു പാർട്ടി പ്രവേശനം.
അടുത്ത മാസം നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കാൻ പോകുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വാൽമീകി നഗറിൽ പാണ്ഡെയെ ജെ.ഡി.യു മത്സരിപ്പിച്ചേക്കും. 1987 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ പാണ്ഡെയെ നിയമസഭ തെരെഞ്ഞടുപ്പിൽ ജന്മനാട്ടിലെ ബക്സർ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഒക്ടോബർ 23, നവംബർ മൂന്ന്, നവംബർ ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബർ ഏഴിന് വേട്ടെണ്ണും.
പാണ്ഡെയുടെ രാഷ്ട്രീയ ആഭിമുഖ്യ സൂചനകൾ സുശാന്ത് സിങ് രാജ്പുത്തിെൻറ കേസിൽ പ്രകടമായിരുന്നു. സുശാന്ത് സിങ് കേസിൽ മുംബൈ പൊലീസ് നിയവിരുദ്ധമായാണ് പെരുമാറിയതെന്ന് പാണ്ഡെ പ്രതികരിച്ചിരുന്നു. മഹാരാഷ്ട്രയിലെ സഖ്യസർക്കാറിനെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പിയുടെയും സഖ്യകക്ഷിയുടെയും നിർദേശങ്ങൾക്കനുസരിച്ചാണ് പാണ്ഡെ പെരുമാറുന്നതെന്ന് അന്നേ ആരോപണമുയർന്നിരുന്നു.
2014 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാണ്ഡെ രാജിക്കൊരുങ്ങിയിരുന്നെങ്കിലും സീറ്റ് കിട്ടില്ലെന്ന് കണ്ടതോടെ രാജി അപേക്ഷ പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.