ഗുജറാത്തിൽ മുൻ ബി.ജെ.പി എം.എൽ.എ കോൺഗ്രസിൽ ചേർന്നു
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ മുൻ എം.എൽ.എ ബാൽകൃഷ്ണ പട്ടേൽ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പിക്ക് തിരിച്ചടിയായ നീക്കം.
കഠിനാധ്വാനവും പ്രതിബദ്ധതയുമുണ്ടായിട്ടും തന്നെ മാറ്റിനിർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 66കാരനായ പട്ടേൽ ബി.ജെ.പിയിൽ നിന്ന് രാജിവച്ചത്. ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ, മുൻ അധ്യക്ഷൻ സിദ്ധാർഥ് പട്ടേൽ എന്നിവർ ബാൽകൃഷ്ണ പട്ടേലിനെ പാർട്ടി ആസ്ഥാനത്ത് വച്ച് സ്വീകരിച്ചു.
2012- 2017 കാലയളവിൽ വഡോദര ജില്ലയിലെ ദഭോയ് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പട്ടേൽ നിയമസഭാംഗമായിരുന്നത്. കോൺഗ്രസിന്റെ സിദ്ധാർഥ് പട്ടേലിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം എം.എൽ.എയായത്.
വർഷങ്ങളായി ബി.ജെ.പിയെ ജില്ലാ- താലൂക്ക് തലത്തിൽ ശക്തിപ്പെടുത്താൻ താൻ കഠിനമായി പ്രയത്നിച്ചിരുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എ ആയിരുന്നിട്ടും തനിക്ക് ടിക്കറ്റ് നൽകിയില്ലെന്നും പട്ടേൽ കുറ്റപ്പെടുത്തി. ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്റെ മകനും ടിക്കറ്റ് നിഷേധിച്ചു. തന്നെ തുടർച്ചയായി അവഗണിക്കുകയും മാറ്റിനിർത്തുകയും ചെയ്തതിനാലാണ് തൻ ബി.ജെ.പി വിട്ടതെന്നും പട്ടേൽ വ്യക്തമാക്കി.
ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കോ മകനോ ടിക്കറ്റ് പ്രതീക്ഷിക്കാതെയാണ് താൻ കോൺഗ്രസിൽ ചേർന്നതെന്ന് ബാലകൃഷ്ണ പട്ടേൽ പറഞ്ഞു. മണ്ഡലത്തിൽ 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടേലിനെ തഴഞ്ഞ് ബി.ജെ.പി സ്ഥാനാർഥിയാക്കിയ ശൈലേഷ് മേത്തയാണ് വിജയിച്ചത്. കോൺഗ്രസിന്റെ സിദ്ധാർഥ് പട്ടേലിനെയാണ് മേത്തയും പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.