മുസ്ലിംകളും ദലിതരും ഭരണകൂട പരിരക്ഷയോടെ കൊല്ലപ്പെടുന്നു-യു.പിയിലെ ഭരണത്തകർച്ചയെ കുറിച്ച് മുൻ ഉദ്യോഗസ്ഥർ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഭരണത്തകർച്ചയെയും നിയമവാഴ്ചയുടെ കൂസലില്ലാത്ത ലംഘനങ്ങളെയും കുറിച്ച് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. അഖിലേന്ത്യ സേവനത്തിലും കേന്ദ്ര സർവീസുകളിലും പതിറ്റാണ്ടുകൾ പ്രവർത്തിച്ചിട്ടുള്ള, ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത 87 മുൻ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 236 പേർ ഇതിനെ പിന്തുണച്ചിട്ടുമുണ്ട്. ഭരണഘടനാ മൂല്യങ്ങളിൽ നിന്നും നിയമവാഴ്ചയിൽ നിന്നും പ്രതിദിനം കൂടുതൽ വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണക്രമമാണ് യു.പിയിൽ ഇപ്പോൾ ഭരണാധികാരികൾ നടപ്പാക്കുന്നതെന്ന് കത്തിൽ പറയുന്നു. ജില്ലാ മജിസ്ട്രേറ്റും പൊലീസും ഉൾപ്പെെട ഭരണത്തിന്‍റെ എല്ലാ ശാഖകളും അധഃപതിച്ചിരിക്കുകയാണ്. നിയമവാഴ്ചക്കും ഭരണവ്യവസ്ഥക്കും സംഭവിച്ചിരിക്കുന്ന ഈ വീഴ്ച തടഞ്ഞില്ലെങ്കിൽ അത് ജനാധിപത്യത്തിന്‍റെ വിനാശത്തിന് വഴിവെക്കുമെന്നും കത്ത് മുന്നറിയിപ്പ് നൽകുന്നു.
2017നും 2020നും ഇടക്ക് നടന്ന 'ഏറ്റുമുട്ടൽ' കൊലപാതകങ്ങളിൽ 124 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലായും മുസ്ലിം, ദലിത്, പിന്നാക്കജാതി വിഭാഗങ്ങളിൽപ്പെട്ടവരാണ്. 2020 ആഗസ്റ്റ് വരെ കൊല്ലപ്പെട്ടവരിൽ അധികവും മുസ്ലിമുകളാണ് എന്നത് അതിേന്റതായ ഭീകരസന്ദേശമാണ് നൽകുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആദ്യത്തെ മൂന്ന് വർഷത്തിൽ ഒാരോ അഞ്ചുമണിക്കൂറിൽ ഒരു 'ഏറ്റുമുട്ടൽ' എന്ന നിലയിലാണ് സംഭവിച്ചിരിക്കുന്നത്. ഹിന്ദു സ്ത്രീകളുമായി സൗഹൃദമോ പ്രണയമോ വൈവാഹികമോ ആയി ബന്ധം പുലർത്തുന്ന നിരപരാധികളായ മുസ്ലിം പുരുഷന്മാരെ 'ലവ് ജിഹാദി'ന്‍റെ പേരിൽ കള്ളക്കേസുകളിൽ കുരുക്കാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന ഓർഡിനൻസ് മത പരിവർത്തന നിരോധന ഓർഡിനൻസ് ഉപയോഗിക്കുകയാണ്. പ്രണയത്തിനോ വിവാഹത്തിനോ മതപരിവർത്തനം ചെയ്തുവെന്നാരോപിച്ച് 86 പേർക്കെതിരെ കേസെടുക്കുകയും 54 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എല്ലാ കേസുകളിലും പ്രതി മുസ്ലിം പുരുഷനാണെന്നത് യു.പി സർക്കാറിന്‍റെ മുസ്ലിം വിരുദ്ധ നിലപാടിന്‍റെ പ്രകടമായ ഉദാഹരണമാണ്.
സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവക്കെതിരായ സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന് യു.പി സർക്കാർ ഉപയോഗിച്ച രീതികൾ കത്തിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. പ്രതിഷേധ പ്രകടനം നടത്തിയ അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കുനേരെ കണ്ണീർവാതകവും ഗ്രനേഡും ഉപയോഗിച്ച് പൊലീസ് ആക്രമിച്ചതും 10,900 കേസുകളെടുത്തതും 22 പേരെ വെടിവെച്ച് കൊന്നതും കത്തിൽ പറയുന്നുണ്ട്. ഹഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ അഹസ്റ്റും കത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കാപ്പൻ ജയിലിലായിട്ട് 200ലധികം ദിവസങ്ങൾ പിന്നിട്ടെന്നും അടുത്തകാലത്തായി ഈ ഒതുക്കൽ നയം യു.പിയിലെ ആശുപത്രി-ചികിത്സ സംവിധാനത്തിന്‍റെ പരിമിതികൾ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെയുള്ള ശിക്ഷാനടപടികളുടെ രൂപമെടുത്തിട്ടുണ്ടെന്നും കത്തിൽ പറയുന്നു. നിയമം കയ്യിലെടുക്കുന്ന, ഭരണകൂട പരിരക്ഷയോടെ എന്ത് അക്രമവും നടത്താം എന്ന് ഉറപ്പുള്ള ഹിന്ദു യുവ വാഹിനി പോലുള്ള സംഘങ്ങളുടെ കുറ്റകൃത്യങ്ങളെയും ഭരണകൂട നടപടികളെയും വേർതിരിക്കുന്ന അതിരുകൾ യു.പിയിൽ മാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരം സംഘങ്ങളിൽ ഉള്ളവരെ പൊലീസ് മിത്രങ്ങളായി അവേരാധിച്ച് അവർക്ക് അധികാരവും നിയമസാധുതയും നൽകുകയാണ് ചെയ്യുന്നത്. സമീപകാല സർക്കാർ ഉത്തരവുകൾ സാമൂഹിക പൊലീസിങിന്‍റെ പുറംതോടണിഞ്ഞുള്ള ആൾക്കൂട്ടനീതി നടപ്പാക്കൽ അക്രമങ്ങളെ സ്ഥാപനവത്കരിക്കുകയാണ്. 'എസ്10', 'പ്രാന്തീയ രക്ഷക് ദൾ' തുടങ്ങിയവയുടെ നിയമവിരുദ്ധ ആൾക്കൂട്ട പ്രവൃത്തികൾക്ക് 'സാമൂഹിക പൊലീസിങ്' സംരംഭങ്ങൾ എന്ന പേരിൽ നിയമസാധുത നൽകുകയാണ്.
മുസ്ലിമുകൾക്കും ദലിതർക്കും വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്കും എതിരെ ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുകയാണ്. 2020ൽ ഈ നിയമപ്രകാരം കേസെടുത്തിട്ടുള്ള 139ൽ 76 പേരും പശുകശാപ്പ് ആരോപിക്കപ്പെട്ടവരാണ്. 13പേർ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിലും. പശു കശാപ്പ് അല്ലെങ്കിൽ കശാപ്പ് ചെയ്യുന്നതിനായി പശുക്കളെ കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്കായി കേസെടുക്കുന്നത് എൻ.എസ്.എ പ്രകാരം ആയിരിക്കണമെന്ന് ഡി.ജി.പി നിർദേശം നൽകിയിട്ടുമുണ്ട്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും യു.പി സർക്കാർ പരാജയപ്പെട്ടു. മുഖ്യമന്ത്രിയെ സന്ദർശിച്ച് സ്ഥിതി വിശദീകരിക്കാൻ ശ്രമിച്ച ഡോക്ടർമാരെ തടവിലാക്കുകയാണ് ചെയ്തത്. പൊതുവേദികളിൽ ഇത് ആരോപിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നുമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കോവിഡ് രോഗികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ ഏറ്റവും ഭയാനകമായ തെളിവ് ആയിരക്കണക്കിന് മൃതദേഹങ്ങൾ ഗംഗാനദിയിൽ പൊങ്ങിയൊഴുകിയതും മണൽത്തീരത്തിൽ മാന്തിയ കുഴിമാടങ്ങളുമാണെന്ന് കത്തിൽ പറയുന്നു.
സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തോന്നിയതുപോലെ തടവിലാക്കുന്നതും പൊലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കുന്നതും നിർത്തലാക്കണമെന്നും മുസ്ലിം, ദലിത്, പിന്നാക്ക വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ 'ഏറ്റുമുട്ടൽ' സമ്പ്രദായം അവസാനിപ്പിക്കണമെന്നും 'പൊലീസ് മിത്രങ്ങളെ' നിയമിച്ചുകൊണ്ട് പശുസംരക്ഷകരെ നിർബാധം ഹിംസ നടത്താൻ അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമപരമോ ഔദ്യോഗികമോ ആയ ഒരടിസ്ഥാനവുമില്ലാത്ത 'ലവ് ജിഹാദ്' എന്ന ആശയം തൂത്തെറിയണമെന്നും എൻ.എസ്.എയുടെ ദുരുപയോഗം നിർത്തണമെന്നും കോവിഡ് പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നും അവർ കത്തിലൂടെ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ യു.പി സർക്കാറിന്‍റെ ഇത്തരം നടപടികൾ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ സാമുദായിക ധ്രുവീകരണത്തിനും അസ്വസ്ഥതകൾക്കും കാരണമാകുമെന്ന് ഭയപ്പെടുന്നെന്നും കത്തിൽ അവർ ചൂണ്ടിക്കാട്ടി.
കത്തിന്‍റെ പൂർണരൂപം ഇവിടെ വായിക്കാം-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.