ഷെയിം വിളികൾക്കിടയിൽ ഗൊഗോയി രാജ്യസഭാംഗമായി
text_fieldsന്യൂഡൽഹി: പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസശരങ്ങൾക്കും ഷെയിം വിളികൾക്കുമിടയിൽ സുപ്രീംേകാടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങ് ബഹളത്തിൽ മുക്കിയ കോൺഗ്രസ്, ഇടതുപക്ഷ, ആർ.ജെ.ഡി, ഡി.എം.കെ, മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി. സത്യപ്രതിജ്ഞക്കുള്ള മൈക്ക് പ്രതിപക്ഷത്തിന് അഭിമുഖമായിരുന്നതിനാൽ ബഹളത്തിൽ പ്രതിജ്ഞാവാചകം തുടങ്ങാൻ കഴിയാതെ നിസ്സഹായനായ ഗൊഗോയി പ്രതിപക്ഷത്തെയും സഭാധ്യക്ഷനെയും നോക്കിയപ്പോൾ വായന തുടങ്ങാൻ വെങ്കയ്യ നായിഡു ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, പ്രതിജ്ഞ അവസാനിക്കുന്നതുവരെ ഷെയിം വിളിയും മുദ്രാവാക്യവും തുടർന്ന പ്രതിപക്ഷം ഇറങ്ങിപ്പോക്കോടുകൂടിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അപമാനിതനായ ഗൊഗോയിയെ ആശ്വസിപ്പിക്കാൻ നിയമ മന്ത്രി രവിശങ്കർ പ്രസാദ് എഴുന്നേറ്റ്, മുൻ ചീഫ് ജസ്റ്റിസുമാരടക്കം വിവിധ മേഖലകളിലുള്ളവർ അംഗങ്ങളായി വന്ന പാരമ്പര്യമാണ് ഇൗ സഭക്കുള്ളതെന്നും െഗാഗോയിയുടെ സംഭാവന ഇൗ സഭക്ക് ലഭിക്കുമെന്നും പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷത്തിെൻറ കാഴ്ചപ്പാട് സഭക്ക് പുറത്തു പറയാമെങ്കിലും ഇൗ ചെയ്തത് ശരിയല്ലെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവും പറഞ്ഞു.
രാജ്യസഭയുടെ പിൻനിരയിൽ പ്രമുഖ നർത്തകി സോനാൽ മാൻസിങ്ങിനടുത്താണ് മുൻ ചീഫ് ജസ്റ്റിസിന് ഇരിപ്പിടം അനുവദിച്ചത്. ഭാര്യ രൂപാജ്ഞലിക്കൊപ്പം വളരെ നേരത്തേ പാർലമെൻറ് മന്ദിരത്തിലെത്തിയ ഗൊഗോയി ചെയർമാൻ വെങ്കയ്യ നായിഡുവിെൻറ മുറിയിലേക്കാണ് ആദ്യംപോയത്.
നിയമ മന്ത്രി രവി ശങ്കർ പ്രസാദിന് പുറമെ ധനമന്ത്രി നിർമല സീതാരാമനും പാർലമെൻററി കാര്യ മന്ത്രി ഭൂപേന്ദ്ര യാദവും പിയൂഷ് ഗോയലും പ്രകാശ് ജാവദേക്കറും അടക്കമുള്ളവർ ഭരണ ബെഞ്ചിലുണ്ടായിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി തുടങ്ങിയവർ സത്യപ്രതിജ്ഞ കാണാനെത്തിയില്ല. സത്യപ്രതിജ്ഞക്കുശേഷം മാധ്യമങ്ങളോടു വിശദമായി സംസാരിക്കാമെന്ന് പറഞ്ഞിരുന്ന ഗൊഗോയി പ്രതിപക്ഷത്തിെൻറ പ്രതിഷേധത്തിനൊടുവിൽ സംസാരിക്കാനും തയാറായില്ല.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.