കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ബി.ജെ.പി വിട്ടു; സ്വതന്ത്രനായി മത്സരിക്കും
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി നേതാക്കളുടെ രാജി തുടരുന്നു. മത്സരിക്കാൻ ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായി ജഗദീഷ് ഷെട്ടാറും ബി.ജെ.പി വിടുന്നതായി പ്രഖ്യാപിച്ചു. നിയമസഭ അംഗത്വം രാജിവെക്കുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും 67കാരനായ ഷെട്ടാർ പറഞ്ഞു.
കഴിഞ്ഞ തവണ കോൺഗ്രസ് ഭരിക്കുമ്പോൾ ഷെട്ടാറായിരുന്നു പ്രതിപക്ഷ നേതാവ്. നിയമസഭ അംഗത്വം ഒഴിയാൻ തീരുമാനിച്ചെന്നും സിർസിയിലുള്ള സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിയോട് കാണാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും രാജി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഹൃദയഭാരത്തോടെ, ഞാൻ പാർട്ടിയിൽനിന്ന് രാജിവെക്കും. ഈ പാർട്ടി കെട്ടിപ്പടുത്തതും വളർത്തിയതും ഞാനാണ്. ചില നേതാക്കൾ എനിക്ക് പാർട്ടിയിൽനിന്ന് രാജിവെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു’ -ഷെട്ടാർ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിക്ക് നൽകിയ സംഭാവനകളും നിയമസഭാ സ്പീക്കർ ഉൾപ്പെടെയുള്ള പ്രധാന പദവികൾ വഹിച്ച കാര്യവും ഓർമപ്പെടുത്തിയ അദ്ദേഹം, അവർ എന്നെ അപമാനിച്ച രീതി നോക്കുമ്പോൾ പാർട്ടി നേതാക്കൾ ജഗദീഷ് ഷെട്ടാറിനെ ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നും വ്യക്തമാക്കി. പാർട്ടി നേതാക്കൾ എന്നെ അവഗണിച്ചതിൽ ഞാൻ ഏറെ നിരാശനാണ്. അതുകൊണ്ടാണ് നിശ്ശബ്ദനായി ഇരിക്കാത്തതെന്നും നേതൃത്വത്തെ വെല്ലുവിളിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും ഷെട്ടാർ കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ എന്നിവർ ഷെട്ടാറിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്ന കാര്യം ഷെട്ടാർ അറിയിച്ചത്. സിറ്റിങ് സീറ്റായ ഹുബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഇത്തവണ മത്സരിപ്പിക്കില്ലെന്ന് പാർട്ടി അറിയിച്ചതിനു പിന്നാലെയാണ് വിമതസ്വരവുമായി ഷെട്ടാർ രംഗത്തെത്തിയത്. ഒരാഴ്ചക്കിടെ ബി.ജെ.പി വിടുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് ഷെട്ടാർ. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.