‘ഏറ്റുമുട്ടൽ വിദഗ്ധൻ’ പ്രദീപ് ശർമക്ക് ജീവപര്യന്തം
text_fieldsമുംബൈ: ഛോട്ടാ രാജൻ സംഘത്തിലെ അംഗമായിരുന്ന രാംനാരായണ ഗുപ്ത എന്ന ലഖൻ ഭയ്യയെ 2006-ൽ വ്യാജ ഏറ്റുമുട്ടൽ കൊലപ്പെടുത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഉദ്യോഗസ്ഥൻ പ്രദീപ് ശർമക്ക് ജീവപര്യന്തം. സെഷൻസ് കോടതി വെറുതെ വിട്ട ഇയാളെ ഇപ്പോൾ ബോംബെ ഹൈകോടതിയാണ് ശിക്ഷിച്ചിരിക്കുന്നത്.
നേരത്തെ കേസിലെ 21 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോൾ ശർമ്മയെ വെറുതെ വിടുകയായിരുന്നു. ശർമയെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സർക്കാറിന്‍റെ അപ്പീൽ കോടതി അനുവദിക്കുകയായിരുന്നു. പ്രദീപ് ശർമക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ഹൈകോടതി വ്യക്തമാക്കി. വിചാരണ കോടതിയുടെ കണ്ടെത്തൽ തെറ്റാണെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, ഗൗരി വി ഗോഡ്‌സെ എന്നിവരുടെ ബെഞ്ച് 867 പേജുള്ള വിധിന്യായത്തിൽ അഭിപ്രായപ്പെട്ടു.
ലഖൻ ഭയ്യക്കെതിരെ 10 കേസുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും കൊലപ്പെടുത്താനുള്ള ലൈസൻസ് അല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ‘ഏറ്റുമുട്ടൽ വിദഗ്ധൻ’ എന്നറിയപ്പെടുന്ന 62കാരനായ പ്രദീപ് ശർമ മൂന്നാഴ്ചക്കകം കീഴടങ്ങണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
300ലേറെ ഏറ്റുമുട്ടലുകളുടെ ഭാഗമായ പ്രദീപ് ശർമ, ഇതിൽ 113 എണ്ണം നയിക്കുകയും ചെയ്തു. 2019ൽ സ്വയം വിരമിച്ചു. 2021ൽ മുകേഷ് അംബാനിയുടെ വീടിന് പുറത്ത് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ കേസിൽ പ്രതിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.