ഒടുവിൽ സായിബാബ ജയിലിൽനിന്നിറങ്ങി: ‘ആരോഗ്യം വളരെ മോശമാണ്, ചികിത്സ തേടിയ ശേഷം സംസാരിക്കാം’
text_fieldsമുംബൈ: മാവോവാദി കേസിൽ പത്തു വർഷത്തെ ജയിൽവാസത്തിനുശേഷം ഡൽഹി സർവകലാശാല മുൻ പ്രഫസർ ഡോ. സായിബാബ ജയിൽമോചിതനായി. 2017ൽ ഗഡ്ചിറോളിയിലെ പ്രത്യേക യു.എ.പി.എ കോടതിയാണ് ജീവപര്യന്തം ശിക്ഷിച്ചത്. സായിബാബക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി ചൊവ്വാഴ്ചയാണ് ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ച് കുറ്റമുക്തനാക്കിയത്. വ്യാഴാഴ്ച രാവിലെയാണ് നാഗ്പുർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
ജീവനോടെ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അംഗവൈകല്യത്തെ തുടർന്ന് വീൽചെയറിലായ സായിബാബ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യം മോശമാണ്. ചികിത്സക്കു ശേഷേമ സംസാരിക്കാനാവുകയുള്ളൂ. ജയിലിൽ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായി. മറ്റൊരാളുടെ സഹായമില്ലാതെ അനങ്ങാൻപോലും തനിക്കു കഴിയില്ല. ശുചിമുറിയിൽ പോകാനും കുളിക്കാനും സഹായം വേണം. ഇതൊന്നുമില്ലാതെയാണ് ജയിലിൽ കഴിഞ്ഞത്.
തനിക്കുവേണ്ടി ഗഡ്ചിറോളി കോടതിയിൽ വാദിച്ചതിനാണ് അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്ങിനെ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്തത്. നൂറുകണക്കിന് ദലിതുകൾക്കും ആദിവാസികൾക്കും വേണ്ടി നിയമപോരാട്ടം നയിച്ച അദ്ദേഹം ജയിലിലാണ്. തന്റെ കേസിൽ നീതി പൂർണമാകണമെങ്കിൽ അദ്ദേഹവും കുറ്റമുക്തനാകണമെന്നും സായിബാബ പറഞ്ഞു. സായിബാബ, നരോട്ടെ എന്നിവരടക്കം ആറു പേരെയാണ് കോടതി കുറ്റമുക്തരാക്കിയത്. രണ്ടു പേരൊഴികെ മറ്റുള്ളവരും ജയിൽമോചിതരായി.
2014ലാണ് സായിബാബ ആദ്യം അറസ്റ്റിലായത്. 2016ൽ ജാമ്യം കിട്ടി. പിന്നീട് വീണ്ടും അറസ്റ്റിലായ അദ്ദേഹം 2017മുതൽ നാഗ്പൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു.
ഗഡ്ചിറോളിയിലെ പ്രത്യേക യു.എ.പി.എ കോടതി ജീവപര്യന്തം വിധിച്ച സായിബാബയടക്കം അഞ്ചുപേരെയും 10 വർഷം ശിക്ഷിച്ച ഒരാളെയും ചൊവ്വാഴ്ചയാണ് ബോംബെ ഹൈകോടതി ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാൽമികി എസ്.എ മെനെസെസ് എന്നിവർ വെറുതെ വിട്ടത്. അപ്പീൽ തീർപ്പാക്കുംവരെ വിധി സ്റ്റേ ചെയ്യണമെന്ന മഹാരാഷ്ട്ര സർക്കാർ നൽകിയ ഹരജി നാഗ്പുർ ബെഞ്ച് തള്ളിയിരുന്നു.
ആരോപണങ്ങൾ തെളിയിക്കാനോ തെളിവുകൾ കണ്ടെത്താനോ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും പ്രതികളിൽനിന്ന് തെളിവുകൾ ശേഖരിച്ചത് നിയമാനുസൃതമല്ലെന്നും അതുവഴി മുഴുവൻ വിചാരണയും അസാധുവാണെന്നും കോടതി പറഞ്ഞു.
10 വർഷമായി നാഗ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന സായിബാബ, മഹേഷ് ടിർകി, ഹേം മിശ്ര, പ്രശാന്ത് രാഹി എന്നിവരെ 50,000 രൂപ വീതം കെട്ടിവെച്ച് വിട്ടയക്കാൻ കോടതി നിർദേശിച്ചു. പ്രതികളിൽ ഒരാളായ പാണ്ഡു നരോട്ടെ പന്നിപ്പനിയെ തുടർന്ന് ജയിലിൽ മരിണപ്പെട്ടിരുന്നു. ഈ അഞ്ചുപേർക്കാണ് കീഴ്കോടതി ജീവപര്യന്തം വിധിച്ചത്. 10 വർഷം തടവിന് ശിക്ഷിച്ച വിജയ് ടിർകി നിലവിൽ ജാമ്യത്തിലാണ്.
2022 ഒക്ടോബർ 14ന് ജസ്റ്റിസ് രോഹിത് ദേവ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് സായിബാബയടക്കം അഞ്ചുപേരെയും കുറ്റമുക്തരാക്കിയിരുന്നു. മഹാരാഷ്ട്ര സർക്കാറിന്റെ അപ്പീലിൽ 24 മണിക്കൂറിനകം പ്രത്യേക സിറ്റിങ് നടത്തി സുപ്രീംകോടതി ആ വിധി മരവിപ്പിച്ചു. പിന്നീട് സായിബാബയുടെ അഭിഭാഷകനും മഹാരാഷ്ട്രയും സമവായത്തിലെത്തിയതോടെ പുതുതായി വാദം കേൾക്കാൻ നിലവിലെ ബെഞ്ചിന് വിടുകയായിരുന്നു.
90 ശതമാനം അംഗപരിമിതിയെ തുടർന്ന് വീൽചെയറിലായ സായിബാബയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. സായിബാബയും മറ്റുള്ളവരും സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളാണെന്നും ഒളിവിൽ കഴിയുന്ന മാവോവാദികൾക്കുള്ള സന്ദേശം പെൻഡ്രൈവിലാക്കി കൊടുത്തുവിട്ടെന്നുമാണ് കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യലടക്കമുള്ള കുറ്റങ്ങൾക്ക് യു.എ.പി.എ ചുമത്തിയായിരുന്നു കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.