കർണാടക ബി.ജെ.പിയിൽ പൊട്ടിത്തെറി; സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ, കർണാടക ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് തഴയുമെന്ന സൂചനകള്‍ക്കിടെ പാർട്ടിക്കെതിരെ എം.എൽ.എയും മുൻ മുഖ്യമന്ത്രിയുമായി ജഗദീഷ് ഷെട്ടാർ പരസ്യമായി രംഗത്തെത്തി.
പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിന് ഷെട്ടാറിനോട് മത്സരരംഗത്തുനിന്ന് മാറിനിൽക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. 2018ൽ ഹുബ്ബള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥി മഹേഷ് നാൽവദിനെ 21,000 വോട്ടിനാണ് ഷെട്ടാർ പരാജയപ്പെടുത്തിയത്. ആറു തവണ മണ്ഡലത്തിൽനിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
‘കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാൻ തെരഞ്ഞെടുക്കപ്പെട്ടത്. എന്റെ മൈനസ് പോയിന്റുകൾ എന്തൊക്കെയാണ്?’ -ഷെട്ടാർ മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിൽ ബി.ജെ.പി ഇതുവരെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പാർട്ടി തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യോഗം ചേർന്നിരുന്നു.
നേരത്തെ, നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പയും രംഗത്തുവന്നിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് പിന്‍വാങ്ങല്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് താന്‍ പിന്‍വാങ്ങുന്നുവെന്ന് ബി.ജെ.പി. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡക്കെഴുതിയ കത്തില്‍ ഈശ്വരപ്പ വ്യക്തമാക്കി.
ഇത്തവയും തന്നെ മത്സരിക്കാൻ അനുവദിക്കണമെന്ന് ഷെട്ടാർ പാർട്ടി നേതൃത്വത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ‘ഞാൻ ഒരു ചോദ്യം മാത്രം ചോദിക്കുന്നു - ആറ് തവണ വിജയിച്ചു, എന്റെ കരിയറിൽ ഒരു കളങ്കവുമില്ല, എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്? മത്സരിക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് പറയാൻ ആഗ്രഹിക്കുന്നു, മറിച്ച് സംഭവിക്കുന്നത് പാർട്ടിക്ക് നല്ലതാകില്ല’ - 2012ൽ മുഖ്യമന്ത്രിയായിരുന്ന ഷെട്ടാർ പറഞ്ഞു.
സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹുബ്ബള്ളിയിലും നോർത്ത് കർണാടക മേഖലയിലും ഏറെ സ്വാധീനമുള്ള ഷെട്ടാറിന്‍റെ വിമതനീക്കം പാർട്ടിക്ക് തിരിച്ചടിയാകും. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള ലിംഗായത്ത് സമുദായംഗമാണ് ഷെട്ടാർ. മെയ് 10നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണലും. ആദ്യഘട്ട സ്ഥാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.