മോദി ഹിറ്റ്ലർ -സിദ്ധരാമയ്യ; 130 കോടി ജനങ്ങൾക്ക് മോദിയെ അറിയാമെന്ന് ബി.ജെ.പി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനവ ഹിറ്റ്ലറും മുസോളിനിയും ആണെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സിദ്ധരാമയ്യക്ക് മറുപടിയുമായി ബി.ജെ.പി കർണാടക നേതൃത്വവും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോൾഫ് ഹിറ്റ്‌ലറോട് ഉപമിച്ചാണ് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയത്. ഹിറ്റ്‌ലർ, ബെനിറ്റോ മുസ്സോളിനി, ഫ്രാൻസിസ്‌കോ ഫ്രാങ്കോ എന്നിവരുടെ ഭരണവും മോദിയുടെ ഭരണവും തമ്മിൽ സാമ്യമുണ്ട്. കുറച്ചുദിവസങ്ങൾ കൂടിയേ മോദിയുടെ ഭരണം നിലനിൽക്കൂ എന്നും അദ്ദേഹം പറഞ്ഞു.
“അദ്ദേഹം പ്രധാനമന്ത്രിയാണ്. വരട്ടെ, ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ ബി.ജെ.പി അധികാരത്തിൽ വരുമെന്ന് അദ്ദേഹം നൂറ് തവണയെങ്കിലും പറഞ്ഞാൽ അത് നടക്കില്ലെന്ന് ഞാൻ വ്യക്തമാക്കും. ആളുകൾ വിശ്വസിക്കില്ല. പക്ഷേ ഹിറ്റ്‌ലറിന് എന്ത് സംഭവിച്ചു? കുറച്ചുകാലം ആഡംബരത്തോടെ നടന്നു. മുസ്സോളിനിക്കും ഫ്രാങ്കോക്കും എന്ത് സംഭവിച്ചു? മോദിയും കുറച്ച് ദിവസത്തേക്ക് മാത്രമേ ഇതുപോലെ ചുറ്റിക്കറങ്ങുകയുള്ളൂ” -അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ വ്യക്തിത്വം രാജ്യത്തിനാകെ അറിയാമെന്നും ഇത്തരം പ്രസ്താവനകൾ അദ്ദേഹത്തെ ദോഷകരമായി ബാധിക്കില്ലെന്നും കോൺഗ്രസ് നേതാവിന്റെ പരാമർശത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ‘‘ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് മോദിയുടെ വ്യക്തിത്വം അറിയാം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒന്നും സംഭവിക്കില്ല. ഗുജറാത്തിൽ പോലും അവർ ഇങ്ങനെ സംസാരിച്ചു. എന്നിട്ടും അദ്ദേഹം പരമാവധി വോട്ടിൽ വിജയിച്ചു. അത് തന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത്’’ -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.