റെയിൽവേ സുരക്ഷക്ക് വിമുക്ത ഭടന്മാർ
text_fieldsതൃശൂർ: റെയിൽവേ സുരക്ഷക്ക് കരസേനയിൽനിന്ന് വിരമിച്ചവരെ നിയമിക്കാൻ തീരുമാനം. വേനലവധി, ഉത്സവം തുടങ്ങി തിരക്കുള്ള സമയങ്ങളിലും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും സൈനിക ക്ഷേമ ബോർഡുകൾ മുഖേന വിമുക്ത ഭടന്മാരെ സുരക്ഷക്ക് നിയോഗിക്കണമെന്ന് നിർദേശിക്കുന്ന ഉത്തരവ് റെയിൽവേ ബോർഡ് സോണൽ റെയിൽവേ മാനേജർമാർക്ക് അയച്ചു.
കഴിഞ്ഞ ജൂൈലയിൽ ഇറക്കിയ സമാന ഉത്തരവ് പുതുക്കിയാണ് വിമുക്ത ഭടന്മാരെക്കൂടി നിയമിക്കാൻ അനുമതി നൽകിയത്. ഹോം ഗാർഡ്, മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവ പോലുള്ള സർക്കാറിെൻറ സുരക്ഷ ഏജൻസികളിൽനിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലേക്ക് നിയമനം നടത്താം എന്നായിരുന്നു പഴയ ഉത്തരവ്. ഇതിൽ വിമുക്തകരസേനക്കാരെക്കൂടി ഉൾപ്പെടുത്തിയാണ് പുതിയ ഉത്തരവ്.
റെയിൽവേ സുരക്ഷക്ക് പ്രൊട്ടക്ഷൻ ഫോഴ്സും സ്പെഷൽ ഫോഴ്സും അടക്കം 76,563 ജീവനക്കാരുണ്ടെന്നാണ് കണക്ക്. ഇത് ആവശ്യത്തെക്കാൾ 15-20 ശതമാനം കുറവാണ്. ഈ ഒഴിവുകൾ റെയിൽവേ ബോർഡ് നികത്തുന്നതുവരെ വിമുക്ത ഭടന്മാർ അടക്കമുള്ളവരെ നിയമിക്കാനാണ് നിർദേശം.
റെയിൽവേ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമീഷണറുമായി ചർച്ച ചെയ്ത് പ്രിൻസിപ്പൽ ഫിനാൻഷ്യൽ അഡ്വൈസറുടെ അനുമതിയോടെ അതത് സോണൽ ജനറൽ മാനേജർമാർക്ക് നിയമനം നടത്താം.
അതേസമയം, 2018ലെ ഉത്തരവിൽ സ്വകാര്യ ഏജൻസികളിൽനിന്ന് നിയമനം പാടില്ലെന്ന് വ്യക്തമാക്കുന്ന ഭാഗം പുതുക്കിയ ഉത്തരവിൽ ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.