മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മം യമുനയിലൊഴുക്കി
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മം യമുനാ നദി ഏറ്റുവാങ്ങി. സിഖ് ആചാരപ്രകാരം കുടുംബാംഗങ്ങൾ യമുന നദിയിൽ നിമജ്ജനം ചെയ്തു. ഞായറാഴ്ച രാവിലെ നിഗംബോധ് ഘട്ടിൽനിന്ന് ചിതാഭസ്മം ശേഖരിച്ച് ഭാര്യ ഗുർശരൺ കൗറും മക്കളായ ഉപീന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ് എന്നിവരും ബന്ധുക്കളും നിമജ്ജനത്തിനെത്തി.
സിഖ് ആചാരങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് ഔദ്യോഗിക വസതിയിൽ കുടുംബം ‘അഖണ്ഡ് പാത’ നടത്തും. ജനുവരി മൂന്നിന് റക്കാബ് ഗഞ്ച് ഗുരുദ്വാരയിൽ ചില മരണാനന്തര ചടങ്ങുകൾകൂടി നടത്തും. വാർധക്യ സഹജമായ അസുഖങ്ങളെതുടർന്ന് ഡിസംബർ 26ന് ഡൽഹി എയിംസിൽവെച്ചാണ് മൻമോഹൻ സിങ് മരിച്ചത്.
അതിനിടെ, മൻമോഹൻ സിങ്ങിന്റെ മരണശേഷം അനുശോചനത്തിനുപോലും തയാറാകാത്ത കായികരംഗത്തെയും ചലച്ചിത്രരംഗത്തെയും പ്രമുഖരെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി രംഗത്തെത്തി. സർക്കാറിന്റെ അപ്രീതി നേടാതിരിക്കാനാവും ഇവരുടെ ‘സമ്പൂർണ നിശബ്ദത’യെന്ന് അദ്ദേഹം വിമർശിച്ചു.
പലപ്പോഴും ‘റോൾ മോഡലുകൾ’ ആയി ആഘോഷിക്കപ്പെടുന്നവരുടെ പൂർണ നിശബ്ദത ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണ്. കർഷക പ്രതിഷേധങ്ങളിലും സി.എ.എ-എൻ.ആർ.സി പ്രതിഷേധങ്ങളിലും മണിപ്പൂരിൽ കലാപങ്ങളിലും ഇവർ നിശബ്ദരായിരുന്നു’ - അഭിഷേക് ബാനർജി എക്‌സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.