ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്ണര് രഘുറാം രാജൻ
text_fieldsജയ്പൂര്‍: മുന്‍ റിസര്‍വ് ബാങ്ക് ഗവര്ണര് രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു. രാജസ്ഥാനിലെ സവായ് മധുപുരിലെ യാത്രയ്ക്കിടെയാണ് രഘുറാം രാജനും പങ്കുചേര്‍ന്നത്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും സച്ചിന്‍ പൈലറ്റും യാത്രയിലുണ്ടായിരുന്നു.
രഘുറാം രാജന്‍ യാത്രയില്‍ പങ്കെടുത്ത വിഡിയോ കോൺഗ്രസ് പുറത്തുവിട്ടു. വിദ്വേഷപ്രചരണങ്ങള്‍ക്കെതിരെ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കുന്നു എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വം തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
യാത്രയ്ക്കിടെ അരമണിക്കൂറോളം രാഹുലും രഘുറാം രാജനും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികളെപ്പറ്റിയും പ്രതിസന്ധികളെപ്പറ്റിയും തുറന്നുപറയുന്ന വ്യക്തി കൂടിയാണ് രഘുറാം രാജന്‍.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന വ്യക്തിയാണ് രഘുറാം രാജന്‍. നരേന്ദ്ര മോദി അധികാരത്തിലിരുന്ന കാലത്തും അദ്ദേഹം ആര്‍ബിഐ ഗവര്‍ണറായി സേവനമനുഷ്ടിച്ചിരുന്നു. അക്കാലത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിനെതിരെ രഘുറാം രാജന്‍ നടത്തിയ രൂക്ഷ വിമര്‍ശനം ഏറെ ചര്‍ച്ചയായിരുന്നു.
അദ്ദേഹത്തിന്റെ പുസ്തകമായ 'ഐ ഡു വാട്ട് ഐ ഡൂ' എന്ന പുസ്തകത്തിലൂടെയാണ് നോട്ട് നിരോധനത്തിനെതിരെ അദ്ദേഹം തുറന്നടിച്ചത്. ഈ നയം ഇന്ത്യന്‍ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രഘുറാം രാജന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തി. ഭാരത് ജോഡോ യാത്രയില്‍ രഘുറാം രാജന്‍ പങ്കെടുത്തത് കാണുമ്പോള്‍ തനിക്ക് അദ്ഭുതമൊന്നും തോന്നുന്നില്ലെന്നും അടുത്ത മന്‍മോഹന്‍ സിംഗാണെന്ന് സ്വയം കരുതുന്ന ആളാണ് രഘുറാം രാജനെന്നുമായിരുന്നു ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ പ്രതികരണം.
3570 കിലോമീറ്റര്‍ ദൂരം താണ്ടുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് രാഹുല്‍ ഗാന്ധിയും സംഘവും തുടക്കം കുറിച്ചത്. സംഘം ഏകദേശം 5 മാസമെടുത്ത് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.