കർഷക സമരത്തിന് പിന്തുണ; പഞ്ചാബി കായിക പ്രതിഭകൾ പുരസ്കാരങ്ങൾ തിരിച്ചു നൽകും
text_fieldsജലന്ധർ: കേന്ദ്ര സർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ആയുധം ഉപയോഗിച്ച് അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി പഞ്ചാബിൽ നിന്നുള്ള മുൻ കായിക താരങ്ങളും പരിശീലകരും. തങ്ങൾക്ക് ലഭിച്ച അവാർഡുകളും മെഡലുകളും തിരിച്ച് നൽകുമെന്നാണ് പഞ്ചാബ് രാജ്യത്തിന് സമ്മാനിച്ച പ്രമുഖ കായിക താരങ്ങൾ പ്രഖ്യാപിച്ചത്.
കർഷകർക്ക് പിന്തുണയർപിച്ച് ഡിസംബർ അഞ്ചിന് ഡൽഹിയിലെത്തുന്ന അവർ അന്ന് അവാർഡുകൾ രാഷ്ട്രപതി ഭവന് മുന്നിൽ സമർപിക്കും.
'ഞങ്ങൾ കർഷകരുടെ മക്കളാണ്, കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ സമാധാനപരമായി സമരം ചെയ്യുകയാണ്. ഒരിക്കൽ പോലും സമരം അക്രമത്തിൻെറ പാതയിലായിരുന്നില്ല. എന്നാൽ ഡൽഹിയിലേക്ക് പുറപ്പെട്ട അവർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു' -ഒളിമ്പിക് േഹാക്കി താരവും അർജുന അവാർഡ് ജേതാവുമായ സജ്ജൻ സിങ് ചീമ പറഞ്ഞു. ജലന്ധർ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കർതാർ സിങ്, ഒളിമ്പിക് സ്വർണമെഡൽ ജേതാവായ ഹോക്കി താരം ഗുർമെയ്ൽ സിങ്, മുൻ ഇന്ത്യൻ ഹോക്കി ടീം നായിക രാജ്ബീർ കൗർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
'പഞ്ചാബിലെ കായിക താരങ്ങൾക്ക് ലഭിച്ച എല്ലാ പത്മ, അർജുന പുരസ്കാരങ്ങും തിരികെ നൽകുകയാണ്. ഏകദേശം 150 മെഡലുകൾ കാണും' -വാർത്താ സമ്മേളനത്തിൽ വെച്ച് കായികതാരങ്ങൾ അറിയിച്ചു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പഞ്ചാബികളും പോപ് താരങ്ങളുമായ ദിൽജിത് ദോസാൻജ്, ഹർഭജൻ മൻ എന്നിവരും കർഷക സമരത്തിന് പിന്തുണയുമായെത്തിയിരുന്നു. കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭരംഗത്തുള്ള കർഷക സംഘടനകളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.