അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ച കേസ്; തെലങ്കാന മുൻ എം.എൽ.എ ഷക്കീൽ ആമിറിന്‍റെ മകനെതിരെ നരഹത്യാ കുറ്റം ചുമത്തി
text_fieldsഹൈദരാബാദ്: 2022ൽ പിഞ്ചുകുഞ്ഞ് മരിച്ച കാറപകടത്തിൽ തെലങ്കാന മുൻ എം.എൽ.എ ഷക്കീൽ ആമിറിന്‍റെ മകൻ റഹീൽ ആമിറിനെതിരെ നരഹത്യാ കുറ്റം ചുമത്തി. ജൂബിലി ഹിൽസിൽ വച്ച് നടന്ന അപകടത്തിൽ വാഹനമോടിച്ചിരുന്നത് റഹീലാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്ക് മുമ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തെളിവുകൾ വ്യക്തമായതോടെ കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യക്ക് കേസെടുക്കുകയായിരുന്നു.
രണ്ട് മാസം പ്രായമുള്ള റൻവീർ ചൗഹാൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ പൊലീസ് റഹീലിന് ക്ലീൻ ചീറ്റ് നൽകിയിരുന്നു. അപകടത്തിൽപെട്ട കാർ ഓടിച്ചതായി ആരോപിച്ച് റഹീലിന്‍റെ ബന്ധുവായ 19 കാരൻ സെയ്ദ് അഫനാൻ അഹ്മദിനെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് റഹീലിന് സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. കേസിൽ നിന്ന് രക്ഷപ്പെടാനായി പിതാവിന്‍റെ സ്വാധീനം ഉപയോഗിച്ചതായും മറ്റൊരാളെ പൊലീസിൽ കീഴടങ്ങാൻ പ്രേരിപ്പിച്ചതായും വെളിപ്പെട്ടിട്ടുണ്ട്.
2022 മാർച്ച് 17ന് ദുർഗം ചെരുവിൽ നിന്ന് അമിതവേഗത്തിൽ വന്ന മഹീന്ദ്ര താർ കൈകുഞ്ഞുങ്ങളുമായി പോകുന്ന മൂന്ന് സ്ത്രീകളെ ഇടിക്കുകയായിരുന്നു. തുടർന്ന് ഒരു കുഞ്ഞ് തത്സമയം മരണപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടിച്ച കാറിൽ എം.എൽ.എ സ്റ്റിക്കർ ഉണ്ടായിരുന്നതിനാൽ സംഭവം മാധ്യമ ശ്രദ്ധനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.