ബി.ജെ.പി വിടാനൊരുങ്ങി മുൻ കേന്ദ്രമന്ത്രി; സ്വന്തം പാർട്ടി ഉടനെന്നും പ്രഖ്യാപനം
text_fieldsന്യൂഡൽഹി: ബി.ജെ.പി വിടുമെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിങ്. സ്വന്തം പാർട്ടി ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023ലാണ് ഇദ്ദേഹം ജെ.ഡി.യു വിട്ട് ബി.ജെ.പിയിൽ ചേർന്നത്. അഴിമതി ആരോപണങ്ങളിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ വിശദീകരണം തേടിയപ്പോഴായിരുന്നു അത്.
ബി.ജെ.പി അംഗത്വം പുതുക്കി നൽകിയില്ലെന്നും അതിനാൽ ഉടൻ പാർട്ടി വിടുമെന്നുമാണ് ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ സിങ് പറഞ്ഞത്. 18 മാസമായി പാർട്ടിയിൽ ചേർന്നിട്ടും ഒരുതരത്തിലുള്ള ഉത്തരവാദിത്തവും പാർട്ടി ഏൽപിച്ചിട്ടില്ലെന്ന നിരാശയും അദ്ദേഹം പങ്കവെച്ചു. ഏറെ പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് വരുന്ന ആളെന്ന നിലയിൽ ബി.ജെ.പി നേതൃത്വവുമായി നിരവധി തവണ ആശയവിനിമയം നടത്തിയിരുന്നു. ഈ രാഷ്ട്രീയ പാരമ്പര്യം അവർക്ക് മുതൽക്കൂട്ടാകുമായിരുന്നു. എന്നാൽ ബി.ജെ.പി വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഒരർഥത്തിൽ അതിനെ പ്രശംസിക്കുന്നു. -സിങ് പറഞ്ഞു.
എൻ.ഡി.എ സംഖ്യം വിട്ട് മഹാഘട്ബന്ധൻ സഖ്യത്തിന്റെ ഭാഗമാകാൻ നിതീഷ് തീരുമാനിച്ചതിന് പിന്നാലെയാണ് സിങ് ബി.ജെ.പിയിലെത്തിയത്. എന്നാൽ നിതീഷ് 2024ൽ എൻ.ഡി.എയിൽ തിരിച്ചെത്തി. അതോടെ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടതായി സിങ്ങിന് തോന്നി.
ജെ.ഡി.യുവിലേക്ക് തന്നെ മടങ്ങുമോ എന്ന ചോദ്യം അദ്ദേഹം തള്ളി. സ്വന്തം നിലക്ക് രാഷ്ട്രീയ ശക്തിയുണ്ടെന്നും അതിനാൽ ജെ.ഡി.യുവിലേക്ക് മടങ്ങേണ്ട ആവശ്യമില്ലെന്നുമാണ് സിങ് പ്രതികരിച്ചത്. നിതീഷ് കുമാറുമായി ഇപ്പോഴും നല്ല ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023ൽ ജെ.ഡി.യു വിട്ടയുടൻ നിതീഷിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സിങ് ഉന്നയിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി സഖ്യം മാറുന്ന ആൾ എന്ന് വരെ ആരോപിക്കുകയുണ്ടായി. അഴിമതി ആരോപണങ്ങളിൽ ജെ.ഡി.യു നോട്ടീസ് നൽകിയപ്പോൾ ഏഴു ജൻമം ജനിച്ചാലും നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്നും ജെ.ഡി.യു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നുമായിരുന്നു ആർ.സി.പി സിങ് പ്രതികരിച്ചത്. പുതിയ പാർട്ടി രൂപീകരിച്ചാൽ അടുത്ത വർഷം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.