32 വർഷം മുമ്പുള്ള കൊലക്കേസിൽ യു.പി മുൻ എം.എൽ.എക്ക് ജീവപര്യന്തം
text_fieldsലഖ്നോ: 32 വർഷം മുമ്പുള്ള കൊലപാതക കേസിൽ യു.പിയിലെ മുൻ ബി.എസ്.പി എം.എൽ.എ മുഖ്താർ അൻസാരിക്ക് ജീവപര്യന്തം. കോൺഗ്രസ് നേതാവ് അജയ് റായിയുടെ സഹോദരൻ അവധേഷ് റായി കൊല്ലപ്പെട്ട കേസിലാണ് വാരാണസി കോടതി ശിക്ഷിച്ചത്. 1.20 ലക്ഷം രൂപ പിഴയടക്കണമെന്നും വാരാണസി എം.പി-എം.എൽ.എ കോടതി പ്രത്യേക ജഡ്ജി അവനിഷ് ഗൗതം വിധിച്ചു. മറ്റൊരു കൊലപാതക കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് അൻസാരി ബൻഡ ജയിലിൽ കഴിയുകയാണ്.
യു.പിയിലെ മവു മണ്ഡലത്തിൽനിന്ന് 1996 മുതൽ തുടർച്ചയായി അഞ്ചുതവണ എം.എൽ.എ ആയ മുഖ്താർ അൻസാരി വിവിധ കോടതികളിലായി 61 കേസുകളിൽ പ്രതിയാണ്. 1991 ആഗസ്റ്റ് മൂന്നിനാണ് അവധേഷ് റായ് വീടിന് മുന്നിൽവെച്ച് വെടിയേറ്റ് മരിച്ചത്. യു.പിയിലെ പൂർവാഞ്ചൽ മേഖലയിലെ രാഷ്ട്രീയ-ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയായാണ് അവധേഷ് റായ് കൊല്ലപ്പെടുന്നത്.
അവധേഷിന്റെ സഹോദരനായ അജയ് റായിയും മുഖ്താർ അൻസാരിയെപ്പോലെ അഞ്ചുതവണ എം.എൽ.എ ആയിട്ടുണ്ട്. ഇതിൽ മൂന്നുതവണ ബി.ജെ.പി ടിക്കറ്റിലും ഒരുതവണ സ്വതന്ത്രനായും ഒടുവിൽ കോൺഗ്രസ് ടിക്കറ്റിലുമായിരുന്നു. സ്വാതന്ത്ര്യസമര നേതാവും ഡൽഹി ജാമിഅ മില്ലിയ സ്ഥാപകരിലൊരാളും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും പ്രസിഡന്റുമായിരുന്ന മുഖ്താർ അഹ്മദ് അൻസാരിയുടെ പേരമകനാണ് മുഖ്താർ അൻസാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.