ഹിജാബ് ധരിക്കണമെന്ന് നിർബന്ധമുള്ള അധ്യാപകർക്ക് പരീക്ഷ ചുമതലയിൽ നിന്ന് വിട്ടുനിൽക്കാമെന്ന് മന്ത്രി
text_fieldsബംഗളൂരു: കർണാടകയിൽ ഹിജാബ് ധരിക്കണമെന്ന് നിർബന്ധം പ്രകടിപ്പിക്കുന്ന അധ്യാപകർക്ക് പരീക്ഷ ചുമതലയിൽ നിന്ന് വിട്ടുനിൽക്കാമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാർഥികളെ പോലെ കൃത്യമായ യൂണിഫോമിൽ അധ്യാപകരും എത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണ്. വിദ്യാർഥികൾക്ക് ഹിജാബ് ധരിക്കാൻ വിലക്കേർപ്പെടുത്തുകയും അധ്യാപകർ ഹിജാബ് ധരിക്കുകയും ചെയ്യുന്നത് ചോദ്യംചെയ്ത് നിരവധി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപകർക്ക് ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ക്ലാസ് മുറിയിൽ ഹിബാജ് ധരിക്കരുതെന്ന സർക്കാർ ഉത്തരവ് നിരവധി അധ്യാപകരും ശരിവച്ചിരുന്നു. ചില അധ്യാപകർ ഹിജാബ് ധരിക്കണമെന്ന് നിർബന്ധം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹിജാബ് ധരിച്ചെത്തുന്ന അധ്യാപകർക്ക് പരീക്ഷാ ചുമതലയിൽ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കാം എന്ന ഉത്തരവിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ഫെബ്രുവരിയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് കർണാടക ഹൈകോടതി ശരിവച്ചത്. ഇസ്ലാം മതാചാര പ്രകാരം ഹിജാബ് ധരിക്കുന്നത് നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ചീഫ് ജസ്റ്റിസ് റിതുരാജ് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.