അരുണാചലിനടുത്ത് ചൈന മൂന്നു ഗ്രാമങ്ങളുണ്ടാക്കി; ആശങ്ക
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന അരുണാചൽപ്രദേശിനടുത്ത് ചൈന മൂന്നു ഗ്രാമങ്ങളുണ്ടാക്കി കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ അവിടേക്ക് മാറ്റിപ്പാർപ്പിച്ചു. പടിഞ്ഞാറൻ അരുണാചൽപ്രദേശിൽ ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ ബും ലാ പാസിന് കേവലം അഞ്ചു കിലോമീറ്റർ അകലെയാണ് മൂന്നു ഗ്രാമങ്ങളുണ്ടാക്കി ജനങ്ങളെ അധിവസിപ്പിച്ചത്. ഇന്ത്യയുമായി ചൈന അതിർത്തി തർക്കമുള്ള മേഖലയാണിത്.
ഓരോ കിലോമീറ്റർ ഇടവിട്ടാണ് മൂന്നു ഗ്രാമങ്ങളും. നല്ല ടാറിട്ട റോഡുകളാൽ ഗ്രാമങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഹാൻ ചൈനീസ്, തിബത്തൻ അംഗങ്ങളെയാണ് ഇന്ത്യൻ അതിർത്തിയിൽ ചൈന കുടിയിരുത്തിയത്. ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഉരസലുണ്ടായ ദോക്ലാമിൽനിന്ന് ഏഴു കിലോമീറ്ററേ ചൈന പുതുതായുണ്ടാക്കിയ ഗ്രാമങ്ങളിലേക്കുള്ളൂ.
കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും ഈയിടെ നേരിട്ട് ഏറ്റുമുട്ടി നിരവധി ജവാന്മാർ കൊല്ലപ്പെട്ട സമയത്താണ് ചൈന പുതിയ ഗ്രാമങ്ങളുടെ നിർമാണം നടത്തിയത്. എട്ടുവട്ടം ഇരുവിഭാഗം സൈന്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകൊണ്ട് സമവായത്തിലെത്താത്തതുമൂലം അതിശൈത്യത്തിലും ആയിരക്കണക്കിന് സൈനികരെ സജ്ജമാക്കി നിർത്തേണ്ടിവന്നതിനിടയിലാണ് പുതിയ സംഭവ വികാസം.
വാർത്ത പുറത്തുവിട്ട എൻ.ഡി.ടി.വി, അതിർത്തിയിലെ പുതിയ ചൈനീസ് ഗ്രാമങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി 17 വരെ 20 കെട്ടിടങ്ങൾ പണിത ചൈന അവിടെ നവംബർ 28 ആയപ്പോൾ കെട്ടിടങ്ങളുടെ എണ്ണം 50 ആക്കി. 10 കെട്ടിടങ്ങൾകൂടി നിർമാണത്തിലാണെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കാത്ത ഈ മേഖലയിലെ ചൈനയുടെ നീക്കം ഇന്ത്യൻ ഭൂപ്രദേശങ്ങൾക്ക് അവകാശവാദമുന്നയിക്കാനുള്ള ചുവടുവെപ്പാണെന്ന് ആശങ്കയുയർന്നിട്ടുണ്ട്. തെക്കൻ ചൈന കടലിൽ മത്സ്യത്തൊഴിലാളികളെ ഇറക്കുന്നതുപോലുള്ള തന്ത്രമാണ് ചൈനയുടേതെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.