സംവരണത്തിൽനിന്ന് ഒഴിവാക്കൽ തീരുമാനിക്കേണ്ടത് സർക്കാരും പാർലമെന്റും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സംവരണ ആനുകൂല്യം ലഭിച്ചവർ മറ്റുള്ളവരുമായി മത്സരിക്കാൻ പ്രാപ്തരായാൽ അവരെ സംവരണത്തിൽനിന്ന് ഒഴിവാക്കണോയെന്ന കാര്യം സർക്കാരും പാർലമെന്റുമാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഏഴംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പരാമർശിച്ച് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
സംവരണ ആനുകൂല്യങ്ങൾ നേടുകയും മറ്റുള്ളവരുമായി മത്സരിക്കാൻ പ്രാപ്തമാവുകയുംചെയ്ത വ്യക്തികളെ സംവരണത്തിൽനിന്ന് ഒഴിവാക്കണമെന്നാണ് തങ്ങളുടെ കാഴ്ചപ്പാട്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരും പാർലമെന്റുമാണ് -ജസ്റ്റിസ് ഗവായ് പറഞ്ഞു.
കൂടുതൽ പിന്നാക്കമായവരെ ഉയർത്തിക്കൊണ്ടുവരുന്നതിന് പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ ഉപവർഗീകരണം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നാണ് നേരത്തേ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കിയത്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കിടയിൽ ക്രീമിലെയർ കണ്ടെത്താനും അതിൽ വരുന്നവരെ സംവരണത്തിൽനിന്ന് ഒഴിവാക്കാനും സംസ്ഥാനങ്ങൾ നയം തയാറാക്കണമെന്ന് അന്നത്തെ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ഗവായി പ്രത്യേക ഉത്തരവിൽ നിർദേശിച്ചിരുന്നു.
ഉത്തരവ് പുറപ്പെടുവിച്ച് ആറ് മാസമായിട്ടും ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾ നയം രൂപവത്കരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാൻ താൽപര്യമില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ബന്ധപ്പെട്ട അധികാരികളുടെ മുമ്പാകെ വിഷയം ഉന്നയിക്കുന്നതിന് ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ഹരജിക്കാരെന്റ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ ബെഞ്ച് അനുമതി നൽകുകയുംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.