ഗുരുഗ്രാമിൽ ഉണ്ടായിരുന്ന പള്ളികൾ പൊളിച്ചുമാറ്റി; ഇൗദ്ഗാഹും വഖഫും കൈയേറി
text_fieldsപള്ളികൾ ഇല്ലാത്തത് മാത്രമല്ല, ഉള്ള പള്ളികളും ഇൗദ്ഗാഹുകളും സർക്കാർ പിടിച്ചെടുത്തതും തകർത്തതും കൂടിയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഹരിയാന ഗുരുഗ്രാമിലെ മുസ്ലിം സമൂഹം. മുസ്ലിം സമൂഹവുമായി സംസാരിക്കാൻ പോലും തയാറാകാതെയാണ് ഏകപക്ഷീയമായി നമസ്കാരം തടയുന്നതെന്ന്, പ്രശ്നം പരിഹരിക്കാൻ പരിശ്രമിക്കുന്ന ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് നേതാവ് മുഫ്തി സലീം ചൂണ്ടിക്കാട്ടുന്നു.
2018 മുതൽ ഇവർ പ്രശ്നങ്ങളുണ്ടാക്കുകയാണ്. മുസ്ലിംകളെ കൂടുതൽ അടിച്ചമർത്തണമെന്ന ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ്. അതിനായി റസിഡൻറ്സ് അസോസിയേഷനുകളിലെ ചിലരെയും നമസ്കാരത്തിനെതിരെ പ്രതിഷേധിക്കാനായി ഇളക്കിവിട്ടിരിക്കുന്നു. എന്നാൽ ഗുരുഗ്രാമിലെ ബഹുഭൂരിഭാഗവും ഇൗ വിഭാഗീയ ശക്തികൾക്കെതിരാണെന്ന് മുഫ്തി സലീം പറഞ്ഞു.
''സർക്കാർ മുന്നിട്ടിറങ്ങാത്തതാണ് പ്രശ്നം വഷളാക്കുന്നത്. ഗുരുദ്വാര കമ്മിറ്റിയെയും അക്ഷയ് യാദവിനെയും പോലെ സഹോദര സമുദായങ്ങളിലുള്ളവർ മുന്നോട്ടുവന്ന് ഇൗ അതിക്രമത്തിന് അറുതി വരുത്തണമെന്നാണ് ആഗ്രഹിക്കുന്നത്'' -അദ്ദേഹം വിശദീകരിച്ചു. ഹരിയാന വഖഫ് ബോർഡ് അഡ്മിനിസ്ട്രേറ്ററും ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡൻറുമായ സാകിർ ഹുസൈെൻറ മകൻ താഹിർ ഹുസൈനും ഇക്കാര്യം ശരിവെക്കുന്നു.
ഹരിയാന സർക്കാറും ബി.ജെ.പിയും വിഷയത്തിൽ നിന്ന് മാറി നിൽക്കുകയാണെന്നും ഹിന്ദുത്വ തീവ്രവാദികളാണ് ജമുഅ നമസ്കാരം തടയുന്നതെന്നും താഹിർ ഹുസൈൻ പറഞ്ഞു. ബി.ജെ.പിയിൽ നിന്ന് പുറത്തായ കുൽഭൂഷൺ ഭരദ്വാജാണ് ജുമുഅ തടയുന്നതിന് നേതൃത്വം നൽകുന്നത്. ഹരിയാനയിലെ നിരവധി പള്ളികളും ഇൗദ്ഗാഹുകളും വഖഫ് ഭൂമികളും മുമ്പ് പിടിച്ചെടുത്തതും തകർത്തതും ശരിയാണെന്നും താഹിർ വ്യക്തമാക്കി.
നോറംഗ്പുരിൽ ബുൾഡോസർകൊണ്ട് ഒരു പള്ളി ഇടിച്ചുനിരത്തി. മേവ്ഗഡിലും പള്ളി പൊളിച്ചു. ഗുരുഗ്രാം പാലം വിഹാറിൽ വഖഫ്ബോർഡിെൻറ ഉടമസ്ഥതയിലുള്ള ഇൗദ്ഗാഹ് ഭൂമി കോൺഗ്രസ് നേതാവ് പ്രദീപ് സിങ് ഹൂഡ മുഖ്യമന്ത്രിയായ സമയത്ത് തരം മാറ്റി ബിൽഡർക്ക് മറിച്ചുകൊടുത്തു. ഇങ്ങനെ പള്ളികളും വഖഫ് ഭൂമികളും കൈയേറിയും ഇല്ലാതാക്കിയും ഉള്ള സൗകര്യങ്ങൾ കൂടി ഇല്ലാതാക്കി.
ഇപ്പോൾ മതിയായ പള്ളികളില്ല. നിരവധി ബഹുരാഷ്ട്ര കമ്പനികൾ പ്രവർത്തിക്കുന്ന ഗുരുഗ്രാമിൽ താഴേത്തട്ട് മുതൽ മേേലത്തട്ട് വരെ, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു മുസ്ലിംകൾ ജോലി ചെയ്യുന്നുണ്ട്. ''ഒന്നുകിൽ സർക്കാർ വാണിജ്യ ആവശ്യങ്ങൾക്ക് ഏറ്റെടുത്ത സ്ഥലങ്ങളിൽ പ്രാർഥനക്കുള്ള സ്ഥലം നിർണയിച്ചുകൊടുക്കണം. അല്ലെങ്കിൽ കമ്യൂണിറ്റിഹാളുകളോ മറ്റോ അനുവദിക്കണം. അതുമല്ലെങ്കിൽ സ്വകാര്യ കമ്പനികൾ തങ്ങളുടെ ഇടത്തിൽ വിമാനത്താവളങ്ങളിലെ പോലെ പ്രാർഥന സൗകര്യങ്ങളെങ്കിലും ചെയ്യണം'' -താഹിർ ഹുസൈൻ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.