നാളെയാണ് ഫലം; ഇൻഡ്യ സഖ്യത്തിന് ആവേശ കാത്തിരിപ്പ്
text_fieldsന്യൂഡൽഹി: നാളെ ഫലം പ്രഖ്യാപിക്കാനിരിക്കെ, ഹരിയാനയിലെയും ജമ്മു- കശ്മീരിലെയും എക്സിറ്റ് പോൾ ഫലങ്ങൾ ഇൻഡ്യ സഖ്യത്തിന് സർക്കാർ രൂപവത്കരണത്തിന് വലിയ ആത്മവിശ്വാസമേകുന്നു. ഹരിയാനയിൽ കോൺഗ്രസിന് തകർപ്പൻ ജയമാണ് പ്രവചിച്ചത്. ജമ്മു- കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് പ്രവചിച്ച മുൻതൂക്കവും ഇൻഡ്യ സഖ്യത്തിന് ആവേശമേകുന്നു.
കശ്മീരിൽ എക്സിറ്റ്പോൾ ഫലങ്ങൾക്ക് അപ്പുറമായിരിക്കും വിജയമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല വ്യക്തമാക്കിക്കഴിഞ്ഞു. ഇരു സംസ്ഥാനങ്ങളിലും ജനവികാരത്തോട് ചേർന്നുനിൽക്കുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് എന്ന നിലയിലും 370ാം വകുപ്പ് റദ്ദാക്കിയശേഷമുള്ള കശ്മീരിലെ തെരഞ്ഞെടുപ്പ് എന്ന നിലയിലും പ്രാധാന്യമുള്ള ഫലം സഖ്യകക്ഷികളുടെ പിൻബലത്തിൽ മുന്നോട്ടുപോകുന്ന മോദി സർക്കാറിന് നിർണായകമാകും. ഇരു സംസ്ഥാനങ്ങളിലും 90 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും ജമ്മു-കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട ലഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് എം.എൽ.എമാരെ നാമനിർദേശം ചെയ്യാം.
വോട്ടവകാശമുള്ള ഈ എം.എൽ.എമാരുടെ എണ്ണം കൂടി ചേർത്താൽ 48 എം.എൽ.എമാരുണ്ടെങ്കിലേ ജമ്മു-കശ്മീരിൽ ഭരണം നേടാനാകൂ. എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചപോലെ ജമ്മു മേഖലയിൽ 28 സീറ്റ് പരമാവധി പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി അത് നേടുകയും താഴ്വരയിൽ ഒന്നോ രണ്ടോ സീറ്റ് അതിനോടൊപ്പം ചേർക്കുകയും ചെയ്താൽ സ്വതന്ത്രന്മാരെയും മറ്റുള്ളവരെയും ചാക്കിട്ടു പിടിച്ച് സർക്കാറുണ്ടാകുമെന്ന ആശങ്ക വോട്ടർമാർ പ്രകടിപ്പിച്ചിരുന്നു.
ജമ്മുവിൽ കോൺഗ്രസ് ശക്തമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിൽ ബി.ജെ.പിക്ക് അവിടെ 20 സീറ്റിൽ താഴെയാകുകയും ഭരണം കിനാവ് കാണാൻപോലും കഴിയാത്ത സാഹചര്യം സംജാതമാകുകയും ചെയ്യും. കോൺഗ്രസ്-നാഷനൽ കോൺഫറൻസ് സഖ്യത്തെ പി.ഡി.പി പിന്തുണക്കുമെന്നുറപ്പാണ്. പി.ഡി.പിയെ പിണക്കാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രദ്ധപുലർത്തുന്നുണ്ട്.
90 സീറ്റുള്ള ഹരിയാനയിൽ ബി.ജെ.പി ശക്തികേന്ദ്രങ്ങളായ നഗരമണ്ഡലങ്ങളിൽ പോളിങ് കുത്തനെ താഴ്ന്നതും ബി.ജെ.പി വിരുദ്ധ മണ്ഡലങ്ങളിൽ ശക്തമായ പോളിങ് നടന്നതും 65 വരെ സീറ്റെന്ന നേട്ടത്തിലേക്ക് കോൺഗ്രസിനെ എത്തിച്ചേക്കാമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.
യു.പിയിൽ പരീക്ഷണവേദിയായി ഉപതെരഞ്ഞെടുപ്പ്
ലഖ്നോ: ഉത്തർപ്രദേശിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ഇൻഡ്യാ സഖ്യം കരുത്ത് പരീക്ഷിക്കുന്ന പ്രധാന പോരാട്ട വേദിയാകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ 40ലേറെ സീറ്റ് നേടിയ ഇൻഡ്യാ സഖ്യത്തിന്, ലോക്സഭയിൽ ബി.ജെ.പി തനിച്ച് കേവല ഭൂരിപക്ഷം നേടുന്നത് തടയാനും കഴിഞ്ഞിരുന്നു.
സഖ്യത്തിലെ പ്രബല കക്ഷികളായ സമാജ്വാദി പാർട്ടിയും കോൺഗ്രസും ഇതുവരെ സീറ്റ് പങ്കിടൽ ധാരണയിൽ എത്തിയിട്ടില്ല. അഞ്ച് സീറ്റ് വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്.പി ഇത് അംഗീകരിക്കാൻ സാധ്യത കുറവാണ്.
കടേഹാരി (അംബേദ്കർ നഗർ), കർഹാൽ (മെയിൻപുരി), മിൽകിപൂർ (അയോധ്യ), മീരാപൂർ (മുസാഫർനഗർ), ഗാസിയാബാദ്, മജവാൻ (മിർസാപൂർ), സിഷാമൗ (കാൻപൂർ സിറ്റി), ഖൈർ (അലിഗഡ്), ഫുൽപൂർ (പ്രയാഗ്രാജ്), കുന്ദർക്കി (മൊറാദാബാദ്) എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട എസ്.പി എം.എൽ.എ ഇർഫാൻ സോളങ്കിയെ അയോഗ്യനാക്കിയതിനെത്തുടർന്നാണ് സിഷാമൗ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്നാണ് മറ്റ് ഒമ്പത് സീറ്റുകളിലേക്ക് ഒഴിവുണ്ടായത്. 10 നിയമസഭാ സീറ്റുകളിൽ അഞ്ചെണ്ണം എസ്.പിയുടേതായിരുന്നു. മൂന്നെണ്ണം ബി.ജെ.പിക്കും ഒന്ന് വീതം നിഷാദ് പാർട്ടിക്കും രാഷ്ട്രീയ ലോക്ദളിനുമാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പ് തീയതി ഉടൻതന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.