എക്സിറ്റ് പോൾ കോർപറേറ്റ് ഗെയിം; ശുദ്ധതട്ടിപ്പും -സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: എക്സിറ്റ് പോളുകൾ കോർപറേറ്റ് ഗെയിം ആണെന്നും ശുദ്ധതട്ടിപ്പാണെന്നും ശിവസേന നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവുത്ത്. എക്സിറ്റ് പോൾ നടത്താൻ മാധ്യമകമ്പനികൾക്കു മേൽ സമ്മർദമുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുനേപാൾ ഇൻഡ്യ സഖ്യം 295 മുതൽ 310 സീറ്റുകൾ നേടി വിജയിക്കുമെന്നും റാവുത്ത് അവകാശപ്പെട്ടു. ഇൻഡ്യ സഖ്യം ഈ തെരഞ്ഞെടുപ്പിൽ നന്നായി അധ്വാനിച്ചിട്ടുണ്ട്. അതിന്റെ ഫലം തീർച്ചയായും ലഭിക്കും. അതിനാൽ എക്സിറ്റ് പോളിന്റെ ആവശ്യമൊന്നുമില്ലെന്നും റാവുത്ത് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാംതവണയും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഇൻഡ്യ സഖ്യം 200 സീറ്റ് തികക്കില്ലെന്നും പ്രവചനമുണ്ടായി. ഇത്തരം മാധ്യമ കമ്പനികൾ സ്വതന്ത്രമായാണോ എക്സിറ്റ് പോൾ നടത്തുന്നതെന്നും റാവുത്ത് ചോദിച്ചു.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയും നേതൃത്വത്തിലുള്ള ശിവസേനയും കോൺഗ്രസും ശരദ് പവാറിന്റെ എൻ.സി.പിയും ഒന്നിച്ചുചേർന്നാണ് മത്സരിക്കുന്നത്. ആകെയുള്ള 48 ലോക്സഭ സീറ്റിൽ 35 എണ്ണത്തിൽ സഖ്യത്തിന് വിജയമുറപ്പാണെന്നും റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ പോലെ ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, കർണാടക സംസ്ഥാനങ്ങളിലും മാറ്റത്തിന്റെ അലയൊലിയുണ്ടാകും. യു.പിയിൽ ആകെയുള്ള 80 സീറ്റുകളിൽ 30 എണ്ണത്തിൽ ഇൻഡ്യ സഖ്യം വിജയിക്കും. ബിഹാറിൽ ആർ.ജെ.ഡിക്ക് 40ൽ 16 സീറ്റുകൾ ഉറപ്പാണെന്നും റാവുത്ത് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.