ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എക്സിറ്റ് പോൾ നിരോധിച്ചു
text_fieldsശ്രീനഗർ: ഡി.ഡി.സി തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എക്സിറ്റ് പോൾ നിരോധിച്ചു. തെഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ശനിയാഴ്ച അവസാനിച്ചിരുന്നു. 280 മണ്ഡലങ്ങളിൽ 43 ഇടത്താണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. പോളിങ് ഉച്ചക്ക് രണ്ടോടെ അവസാനിച്ചിരുന്നു.
'എക്സിറ്റ് പോൾ നടത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 19 ഉച്ചയ്ക്ക് 2 വരെ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ ഇവ പ്രസിദ്ധീകരിക്കരുത്' -ലംഘിക്കുന്നവർക്കെതിരെ ജമ്മു കശ്മീർ പഞ്ചായത്തിരാജ് ആക്ട് 1989 ലെ സെക്ഷൻ 36 പ്രകാരം നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ മുന്നറിയിപ്പ് നൽകി.
എട്ട് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീർ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 22ന് വോട്ടെണ്ണും. ശനിയാഴ്ച 43 നിയോജകമണ്ഡലങ്ങളിലാണ് (കശ്മീരിൽ 25, ജമ്മുവിൽ 18) വോട്ടെടുപ്പ് നടന്നത്. അർബർ ലോക്കൽ ബോഡികളിലെ ഒഴിഞ്ഞുകിടക്കുന്ന 234 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷണർ കെ.കെ ശർമ്മ അറിയിച്ചു. കനത്ത സുരക്ഷയിലാണ് ജമ്മുകശ്മീരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പിൽ പി.ഡി.പി, പീപ്പിൾസ് കോൺഫറൻസ്, സി.പി.എം എന്നിവർ ഒരുമിച്ചാണ് മൽസരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.