Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപലായനത്തിനൊടുവിൽ...

പലായനത്തിനൊടുവിൽ മരിച്ചുവീഴുന്ന മനുഷ്യരാണ് ലോക്ഡൗൺ കാലത്തെ ഇന്ത്യ

text_fields
bookmark_border
പലായനത്തിനൊടുവിൽ മരിച്ചുവീഴുന്ന മനുഷ്യരാണ് ലോക്ഡൗൺ കാലത്തെ ഇന്ത്യ
cancel
camera_altImage: indian Express

ന്തർ സംസ്ഥാന തൊഴിലാളികൾ പലായനം തുടരുകയാണ്. പ്രതീക്ഷകളെല്ലാം പിന്നിൽ ഉപേക്ഷിച്ച് ഒരു ജനത നൂറുകണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തെ ജന്മദേശങ്ങളിലേക്ക് നടത്തം തുടരുന്നു. ചിലർ പാതിവഴിയിലെത്തുന്നു. ചിലർ തളർന്നുവീഴുന്നു. മറ്റുചിലർ വഴികളിൽ അവസാനിക്കുന്നു. മഹാരാഷ്ട്ര‍യിലെ ഒൗറംഗബാദിൽ റെയിൽപാളത്തിൽ യാത്രാക്ഷീണത്താൽ ഉറങ്ങിക്കിടന്ന 16 തൊഴിലാളികൾ ചരക്കുതീവണ്ടി കയറി മരിച്ച ദുരന്ത വാർത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ഇതിന് പിന്നാലെ പലായനത്തിന്‍റെയും ദുരിതങ്ങളുടെയും എത്രയോ വാർത്തകൾ വന്നു. എന്നാൽ, കത്തുന്ന വെയിലിൽ കാൽനടയായി യാത്ര തുടരുന്ന തൊഴിലാളികളെ പരിഗണിക്കാൻ മാത്രം രാജ്യഭരണാധികാരികൾക്ക് കഴിഞ്ഞില്ല. ഒടുവിലിതാ, പരമോന്നത നീതിപീഠവും കൈവിട്ടിരിക്കുകയാണ്. 

അന്തർ സംസ്ഥാന തൊഴിലാളികൾ കാൽനടയായി യാത്ര ചെയ്യുന്നതിനിടെയുണ്ടാകുന്ന അപകടങ്ങളിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി മേയ് 15ന് അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുകൾക്ക് ഉചിതമായ തീരുമാനമെടുക്കാം. ആരാണ് റോഡിലൂടെ നടക്കുന്നതെന്നും നടക്കാതിരിക്കുന്നതെന്നും പരിശോധിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും കോടതി നിർദാക്ഷിണ്യം പറഞ്ഞു. അപ്പോഴും പുറത്തെ ചുട്ടുപൊള്ളുന്ന വെയിലിൽ വിണ്ടുകീറിയ കാൽപാദങ്ങളുമായി ലക്ഷക്കണക്കിന് ഇന്ത്യക്കാർ നാട് തേടി നടത്തം തുടരുകയായിരുന്നു. 

Image: The Guardian
 

രാജ്യത്ത് ലോക്ഡൗൺ 53 ദിവസം പിന്നിടുമ്പോൾ 400ലേറെ തൊഴിലാളികളാണ് ഇനിയും നിലയ്ക്കാത്ത പലായനത്തിനിടെ ജീവൻ വെടിഞ്ഞത്. യു.പിയിൽ ബസിടിച്ച് ആറ് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചത് കഴിഞ്ഞയാഴ്ചയാണ്. മധ്യപ്രദേശിൽ ട്രക്കും ബസും കൂട്ടിയിടിച്ച് മരിച്ചത് എട്ട് തൊഴിലാളികൾ. ലോക്​ഡൗൺ ഏർപെടുത്തിയ ശേഷം മേയ് മാസം തുടക്കംവരെ രോഗം ബാധിച്ചല്ലാതെ 378 പേർ മരണത്തിന്​ കീഴടങ്ങിയതായി ജി.എൻ. തേജേഷ്​, കനിക ശർമ, അമാൻ എന്നീ ഗവേഷകരുടെ പഠനം പറയുന്നു. ഇതിൽ 69 പേർ ഗതികെട്ട്​ റെയിൽപാളത്തിലൂടെയോ റോഡുമാർഗമോ സ്വന്തം വീടുകളിലേക്കെത്താൻ ശ്രമിക്കുന്നതിനിടെയാണ് മരിച്ചത്. 

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ​ഫ​ത്തേ​പൂ​രി​ൽ ട്ര​ക്കി​ടി​ച്ച്​ അ​മ്മ​യും മ​ക​ളും, ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യിൽ അ​ന്ത​ർ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലേ​ക്ക്​ കാ​ർ പാ​ഞ്ഞു​ക​യ​റിയുണ്ടായ അപകടം, ബി​ഹാ​റി​ൽ സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന 25കാരന്‍റെ മരണം, തെലങ്കാനയിൽ വീണ് മരിച്ച 10 മാസം പ്രായമായ പെൺകുഞ്ഞ് തുടങ്ങി എത്രയോ മരണവാർത്തകൾ കടന്നുപോകുന്നു. കേരളത്തിൽ കൊച്ചിയിൽ ഇഷ്ടികച്ചൂളയിൽ ജോലിചെയ്യുന്ന ബംഗാൾ സ്വദേശിയായ 17കാരൻ നാട്ടിലേക്ക് മടങ്ങാനാവാത്ത മനോവിഷമത്തിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. മധ്യപ്രദേശിൽനിന്ന്​ മഹാരാഷ്​ട്രയിലെ വീട്ടിലേക്ക്​​ നടന്നുപോയ കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ ഗർഭിണിയായ യുവതി വഴിമധ്യേ പാതയോരത്ത് പ്രസവിച്ചു. വിശ്രമമില്ലാതെ വീണ്ടും 150 കിലോമീറ്ററിലേറെ ഇവർ നടന്നു. ഉത്തർപ്രദേശിൽനിന്ന്​ മധ്യപ്രദേശിലേക്കുള്ള യാത്രക്കിടെ 28കാരി കുഞ്ഞിന്​ ജന്മം നൽകിയിരുന്നു. ഇവർ പ്രസവത്തിന് മുമ്പ് 500 കിലോമീറ്ററാണ് നടന്നത്. 

Image: Deccan Herald
 

അസംഘടിത മേഖലയിലെ ഏറ്റവും താഴെത്തട്ടുകാരായ തൊഴിലാളികൾക്ക് പൊതു ഗതാഗത സംവിധാനമല്ലാതെ ആശ്രയിക്കാൻ മറ്റെന്തുണ്ട്. യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗൺ ഇവരുടെ അതിജീവനത്തിന് മുകളിൽ കൂടിയാണ് കരിനിഴൽ വീഴ്ത്തിയത്. ഒന്നുകിൽ രോഗം ബാധിച്ച് മരണം, അല്ലെങ്കിൽ പട്ടിണി മരണം എന്ന യാഥാർഥ്യത്തിൽനിന്നാണ് കൈയിലെടുക്കാവുന്നത് മാത്രമെടുത്ത്, എന്ന് പൂർത്തിയാകുമെന്ന് നിശ്ചയമില്ലാത്ത പലായനത്തിന് തൊഴിലാളികൾ ഇറങ്ങിയത്. അവർക്കിടയിൽ കൈക്കുഞ്ഞുങ്ങളുണ്ട്, ഗർഭിണികളുണ്ട്, വയാധികരുണ്ട്, രോഗികളുണ്ട്. എന്നാൽ, ജീവിച്ചിരിക്കുക മാത്രം അതിജീവന ലക്ഷ്യമായി കാണാവുന്ന തൊഴിലാളികൾക്ക് കിലോമീറ്ററുകൾ നീളുന്ന പാതകളും കത്തുന്ന വെയിലും വിശപ്പും ദാഹവുമൊന്നും നാട് തേടി ഇറങ്ങുന്നതിന് തടസമായില്ല. 

കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ജനതാ കർഫ്യൂ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിന് ശേഷം മാർച്ച് 24 മുതൽ രാജ്യം ലോക്ഡൗണിലായി. പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ലോക്ഡൗൺ പ്രാബല്യത്തിൽ വരികയും ചെയ്തു. തൊഴിൽ മേഖലയുൾപ്പെടെ സകല മേഖലകളും സ്തംഭിച്ചപ്പോൾ ഏറ്റവും കൂടുതൽ നെഞ്ചിടിച്ചത് ദിവസക്കൂലിക്കാരായ അന്തർസംസ്ഥാന തൊഴിലാളികൾക്കാണ്. വിദഗ്ധ തൊഴിലാളികൾക്കും അവിദഗ്ധ തൊഴിലാളികൾക്കും ഉൾപ്പടെ എല്ലാ വിഭാഗം തൊഴിലാളികൾക്കും തൊഴിൽ നിലച്ചു. അസംഘടിത മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ കണക്കുകൾ ഒൗദ്യോഗിക കണക്കുകളിൽ പോലും ഉൾപ്പെടുന്നില്ലെന്നതാണ് യാഥാർഥ്യം. 

Image: The Guardian
 


പ്രത്യാഘാതങ്ങളെ കുറിച്ച് യാതൊന്നും മുന്നിൽകാണാതെ പ്രഖ്യാപിച്ച ലോക്ഡൗൺ നിലയ്ക്കാത്ത പലായനത്തിനും അറുതിയില്ലാത്ത ദുരിതങ്ങൾക്കും വഴിവെച്ചിട്ടും കൺമുന്നിലെ യാഥാർഥ്യം അംഗീകരിക്കാൻ അധികൃതർ തയാറായില്ല. തൊഴിലാളികൾക്കായി പദ്ധതികളൊന്നുമുണ്ടായിരുന്നില്ല. നഗരങ്ങളിലെ വാടകമുറികളിൽ കഴിയുന്ന തൊഴിലാളിക്ക് വരുമാനമില്ലാതെ ദിവസങ്ങൾ തള്ളിനീക്കുക പ്രയാസമേറിയതാണ്. ജീവിതച്ചെലവ് കൂടിയ നഗരങ്ങളിൽ കുറഞ്ഞ വരുമാനവുമായി കഴിയുന്ന ഇവർക്ക് ഇരുട്ടടിയായി ലോക്ഡൗൺ. അസംഘടിത മേഖലയിലെ 65 ശതമാനം തൊഴിലാളികൾക്കും സർക്കാറിൽനിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് കണക്ക്. 

ഡൽഹിയിലെ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഫോണിലൂടെ നടത്തിയ സർവേയിൽ 90 ശതമാനം തൊഴിലാളികൾക്കും ലോക്ഡൗൺ പ്രഖ്യാപന ശേഷം തൊഴിലില്ലാതായിരിക്കുകയാണ് എന്ന് കണ്ടെത്തി. ഇവർക്ക് ജോലി ചെയ്യാനുള്ള സാഹചര്യമേ നിലവിലില്ല. ഏപ്രിൽ 19 വരെ ഒന്നാംഘട്ടത്തിലും ഏപ്രിൽ 20 മുതൽ മേയ് മൂന്ന് വരെ രണ്ടാംഘട്ടവുമായാണ് സർവേ നടത്തിയത്. 85 ശതമാനം തൊഴിലാളികൾക്കും അവരുടെ മുഖ്യവരുമാന സ്രോതസായ ജോലിയിൽനിന്ന് ഒരു രൂപ പോലും വരുമാനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കാനോ വ്യക്തിശുചിത്വത്തോടെ കഴിയാനോ സാധിക്കുന്നില്ല. തൊഴിൽനഷ്ടത്തിന്‍റെയും വരുമാനമില്ലായ്മയുടെയും രോഗഭീതിയുടെയും നിഴലിലാണ് ഇവർ നാട് തേടി ഇറങ്ങുന്നത്. 


2011ലെ സെൻസസ് പ്രകാരം രാജ്യത്ത് 45 കോടി അന്തർസംസ്ഥാന തൊഴിലാളികളാണുണ്ടായിരുന്നത്. 2020ൽ എത്തുമ്പോൾ തൊഴിലാളികളുടെ എണ്ണം ഇതിലുമെത്രയോ വർധിച്ചിരിക്കാം. 2001ൽ നിന്ന് 2011ലെത്തുമ്പോൾ അന്തർസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിൽ 30 ശതമാനം വർധനവാണുണ്ടായത്. തൊഴിൽമേഖലകളുടെ വിപുലീകരണവും ഗതാഗത സംവിധാനങ്ങളുടെ വർധനവും വിവരസാങ്കേതിക വിദ്യയുടെയും ആശയവിനിമയ സംവിധാനങ്ങളുടെയും വളർച്ചയുമെല്ലാം തൊഴിലിനായി നാടുവിടാൻ തൊഴിലാളികളെ പ്രേരിപ്പിച്ചിട്ടുണ്ട്. യു.പി, ബിഹാർ, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീർ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് രാജ്യത്തെ ഭൂരിപക്ഷം അന്തർസംസ്ഥാന തൊഴിലാളികളും വരുന്നത്. ജോലി തേടിയുള്ള യാത്രയിൽ ഇവർ പ്രധാനമായും ലക്ഷ്യകേന്ദ്രമായി കരുതുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളെയുമാണ്. 

അന്തർസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കുകൾ സെൻസസിലോ നാഷനൽ സാംപിൾ സർവേ ഓർഗനൈസേഷനിലോ ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. തൊഴിലാളികളോടൊപ്പം പലപ്പോഴും അവരുടെ കുടുംബവുമുണ്ട്. കുട്ടികൾ വിദ്യാഭ്യാസം തേടുന്നുണ്ട്. തൊഴിലാളികൾ സാമൂഹിക ജീവിതം നയിക്കുന്നുണ്ട്. അവസാന രണ്ടര ദശാബ്ദത്തിനിടെ രാജ്യത്ത് ത്വരിതഗതിയിലായ നഗരവളർച്ച നഗരങ്ങളിലേക്ക് തൊഴിലാളികളുടെ കുടിയേറ്റത്തെ വൻതോതിൽ വർധിപ്പിച്ചു. സീസണൽ തൊഴിലാളികൾ, ഹ്രസ്വകാല തൊഴിലാളികൾ, ദീർഘകാല തൊഴിലാളികൾ എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്ന ബൃഹത്തായ മേഖലയാണ് അന്തർസംസ്ഥാന തൊഴിലാളികൾ. എന്നാൽ, ഇങ്ങനെയൊരു അസംഘടിത മേഖലയിലെ തൊഴിലാളികളെ കുറിച്ച് ഏകദേശ ധാരണയല്ലാതെ മറ്റൊന്നും സർക്കാറിനില്ല. ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ അസംഘടിത മേഖലയിലെ ഈ തൊഴിലാളികളെ കുറിച്ച് ചിന്ത പോലും അധികാരികൾക്ക് ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ. അതിന് ശേഷവും സ്ഥിതി സമാനം. 


കോവിഡ് പ്രതിസന്ധിമൂലം ആഗോളതലത്തിൽ മൂന്ന് മാസത്തിനിടെ 20 കോടിയോളം തൊഴിൽ നഷ്ടമുണ്ടായതായാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന കണക്കാക്കുന്നത്. ഇത് സാമ്പത്തിക ദുരന്തം തന്നെ സൃഷ്ടിക്കുമെന്നും ഐ.എൽ.ഒ ചൂണ്ടിക്കാട്ടുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലോകത്താകമാനം 2.2 കോടി പേർക്കാണ് തൊഴിൽ നഷ്ടമുണ്ടായത്. കോവിഡ് മഹാമാരിയെ തുടർന്ന് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിൽരംഗത്ത് സൃഷ്ടിക്കുന്ന ആഘാതം കണക്കുകൂട്ടലുകൾക്ക് അപ്പുറത്താണ്. 
ഇന്ത്യയിലെ തൊഴിൽ മേഖലയിൽ 40 കോടി തൊഴിലാളികളെങ്കിലും കടുത്ത ദാരിദ്ര്യത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് ലോക തൊഴിൽ സംഘടനയുടെ മുന്നറിയിപ്പ്. ലോകത്താകമാനം 200 കോടിയോളം പേരാണ് അസംഘടിത തൊഴിൽമേഖലയിലുള്ളത്. ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 160 കോടിയോളം തൊഴിലാളികളെ ലോക്ഡൗൺ നേരിട്ട് ബാധിച്ചുകഴിഞ്ഞു. അസംഘടിത മേഖലയിൽ ഉയർന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങളിൽ ദാരിദ്ര്യം 52 ശതമാനവും താഴ്ന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങളിൽ ദാരിദ്ര്യം 56 ശതമാനവും ആയി ഉയരുമെന്നാണ് തൊഴിൽ സംഘടന കണക്കാക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ഓരോ പ്രാവശ്യവും ലോക്ഡൗൺ ദീർഘിപ്പിക്കുമ്പോൾ പലായനം ചെയ്തുകൊണ്ടിരിക്കുന്ന ജനതയെ കുറിച്ചും അവരുടെ ക്ഷേമത്തിനുള്ള പദ്ധതികളെ കുറിച്ചും പറയുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. രണ്ടാം ഘട്ട ലോക്ഡൗണ്‍ തീരുന്നതിന് രണ്ട് ദിവസം മുമ്പാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടില്‍പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാൽ എങ്ങിനെ പോകും എന്ന് മാത്രം വ്യക്തമായ ഉത്തരമുണ്ടായില്ല. തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ട്രെയിനുകൾക്ക് പോലും പണമീടാക്കി. അതേസമയം തന്നെ പി.എം കെയേഴ്സ് ഫണ്ടിലേക്ക് കോടികൾ സംഭവാന വാങ്ങുകയും ചെയ്തു. 

മേയ് 12ന് രാത്രിയും രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനകളിൽ അന്തർ സംസ്ഥാന തൊഴിലാളികൾ അനുഭവിക്കുന്ന ദുരവസ്ഥ പരാമർശിക്കപ്പെട്ടില്ല. പകരം, പൊള്ളയായ വാഗ്ദാനങ്ങളും വാചാടോപങ്ങളും മാത്രമായി അവ ഒതുങ്ങി. തൊട്ടടുത്ത ദിവസം ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജിലും സാധാരണക്കാരനും തൊഴിലാളികൾക്കും ആശ്വസിക്കാൻ മാത്രം ഒന്നുമുണ്ടായിരുന്നില്ല. പി.എം കെയേഴ്സ് ഫണ്ടിൽനിന്ന് 1000 കോടി രൂപ അന്തർസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി മാറ്റിവെക്കുമെന്ന് പ്രഖ്യാപനമുണ്ടായി. ലോക്ഡൗൺ കാലത്ത് തൊഴിലാളികളോട് കാട്ടിയ സമീപനം കനത്ത തിരിച്ചടിയാവുമെന്ന് അഭിപ്രായമുയർന്ന സാഹചര്യത്തിലാണ് തൊഴിലാളികളെ കുറിച്ച് ആലോചിക്കാനെങ്കിലും കേന്ദ്ര സർക്കാർ തയാറായത്. 

ഇന്ത്യയിലെ തൊഴിൽ മേഖലക്ക് ഈ കനത്ത ആഘാതത്തിൽനിന്ന് ഉടനെയൊന്നും മോചിതമാകാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ 10 ശതമാനത്തോട് അടുക്കുകയാണ്. നിലവിലെ സാഹചര്യം തൊഴിലില്ലായ്മ വർധിപ്പിക്കും. നഗരങ്ങളിലെ നിശ്ചലമാകുന്ന തൊഴിൽ മേഖലകളും ഗ്രാമങ്ങളിൽ വർധിച്ചുവരുന്ന തൊഴിൽരഹിതരും ഇന്ത്യൻ സമ്പദ്ഘടനക്ക് വെല്ലുവിളിയാകും. അരക്ഷിതാവസ്ഥയിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ പലായനം ചെയ്യുമ്പോഴും അവർക്ക് ആശ്വാസമാകേണ്ടതിന് പകരം കൂടുതൽ തൊഴിൽ ചൂഷണത്തിന് വഴിയൊരുക്കുന്ന തീരുമാനങ്ങളിലേക്കാണ് വിവിധ സംസ്ഥാനങ്ങൾ കടന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ തൊഴിൽനിയമങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാണ് ഈ തീരുമാനം എന്ന് സർക്കാറുകൾ പറയുന്നു. തൊഴിലാളികളുടെ അവകാശങ്ങളും തൊഴില്‍ സുരക്ഷയും ഉറപ്പുവരുത്തുന്ന നിയമങ്ങളാണ് മരവിപ്പിച്ചവ. ജോലിസമയം എട്ടിൽനിന്ന് 12 മണിക്കൂറാക്കുന്നതും ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്തിരുന്ന തൊഴിലാളി 72 മണിക്കൂർ ജോലിചെയ്യണമെന്ന വ്യവസ്ഥയും അടിമത്തത്തിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 

Image: The Wire
 


പലായനങ്ങളുടെ ചരിത്രം മനുഷ്യന്‍റെ ചരിത്രം കൂടിയാണ്. കൊടുങ്കാട്ടിൽനിന്നും നദീതീരത്തേക്കും പാറക്കെട്ടുകളിൽനിന്നും ഫലഭൂവിഷ്ടതയിലേക്കും ആദിമമനുഷ്യൻ പലായനം ചെയ്തത് മെച്ചപ്പെട്ട ജീവിതം തേടിയായിരുന്നു. എന്നാൽ, ആധുനിക കാലത്തെ പലായനം കൂടുതൽ മെച്ചപ്പെട്ട ഒന്നിലേക്കുള്ള കുടിയേറ്റമായിരുന്നില്ല. ജീവിതവും കൈയിലേന്തി അവസാന പ്രതീക്ഷയിലേക്ക് കിതച്ചുകൊണ്ടുള്ള പ്രയാണമായി മനുഷ്യന് പലായനം. യുദ്ധവും പ്രകൃതി ദുരന്തവും കാലാവസ്ഥാ മാറ്റവും വംശീയ അക്രമങ്ങളുമെല്ലാം ലോകമെമ്പാടും പലായനം സൃഷ്ടിച്ചു. ഇന്ത്യാ രാജ്യത്ത് ഇന്ന് കാണുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ഇനിയും നിലക്കാത്ത പലായനത്തെ ഏത് വിഭാഗത്തിൽപെടുത്തും. ഭരണകൂടത്തിന്‍റെ നിരുത്തരവാദ സമീപനത്തിന്‍റെയും ആസൂത്രണമില്ലായ്മയുടെയും ഇരകളാണ് ഇവർ. ഈ യാത്രയുടെ അവസാനമെന്തെന്നുപോലും തീർച്ചയില്ലാതെ, ജീവിതം മാത്രം കൈയിലേന്തി പലായനം ചെയ്യുകയും, വിശപ്പും ദാഹവും സഹിക്കാതെ വഴിയരികിൽ കിതച്ചിരിക്കുകയും മരിച്ചുവീഴുകയും ചെയ്യുന്ന, ഇക്കാണുന്ന മനുഷ്യരാണ് ലോക്ഡൗൺ കാലത്തെ ഇന്ത്യ. 

Latest VIDEO

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrant labourindia newslockdownexodus
News Summary - exodus of indian migrant labour during lockdown
Next Story