ബി.എസ്.എഫിന്റെ അധികാരപരിധി കൂട്ടിയത് പഞ്ചാബ് പൊലീസിനെ ബാധിക്കില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പഞ്ചാബിലെ രാജ്യാന്തര അതിർത്തിക്ക് സമീപം അതിർത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്) അധികാര പരിധി 50 കി.മീറ്ററാക്കി വിപുലീകരിച്ചത് സംസ്ഥാന പൊലീസിന്റെ അധികാരം ഏറ്റെടുക്കലല്ലെന്ന് സുപ്രീംകോടതി. നേരത്തെ 15 കി.മീറ്ററായിരുന്നു പരിധി. ഇതാണ് 50 കി.മീറ്ററാക്കിയത്. ഇവിടെ ബി.എസ്.എഫിന് പരിശോധന നടത്താനും പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും സാധിക്കും. ഇതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹരജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം.
സോളിസിറ്റർ ജനറലും പഞ്ചാബ് സർക്കാറിന്റെ അഭിഭാഷകനും വിഷയത്തിൽ ചർച്ച നടത്തി തീരുമാനത്തിലെത്തി കേസിൽ അടുത്ത തവണ വാദം കേൾക്കുമ്പോൾ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലെ അതിർത്തികളിൽ ബി.എസ്.എഫിന്റെ അധികാര പരിധി 80 കി.മീറ്ററാണെന്നും ഇത് എല്ലായിടത്തും ഏകീകരിച്ച് 50 കി.മീറ്ററാക്കിയതാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
എന്നാൽ, സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് നിയമം നടപ്പാക്കിയതെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നുമാണ് പഞ്ചാബ് സർക്കാറിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.