പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊന്നു; മാതാവിന് ഗുരുതര പരിക്ക്
text_fieldsമംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23), ഐനാസ്(21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. നൂർ മുഹമ്മദിന്റെ മാതാവിനെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിലാണ് നാട് നടുങ്ങിയ സംഭവം എന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അരുൺകുമാർ പറഞ്ഞു. വീട്ടിലേക്ക് ഇരച്ചുകയറിയ മാസ്ക് ധാരിയായ അക്രമി ഹസീനയുമായി വാക്ക്തർക്കത്തിന് പിന്നാലെ വെട്ടുകയായിരുന്നു.
പുറത്ത് കളിക്കുകയായിരുന്ന മക്കൾ മാതാവിന്റെ കരച്ചിൽ കേട്ട് അകത്തു കയറിയതും അവരേയും വകവരുത്തി. കൊല്ലപ്പെട്ട അഫ്നാന് എയർ ഇന്ത്യ കമ്പനിയിലാണ് ജോലി. ഐനാൻ കോളജിലും അസീം എട്ടാം ക്ലാസിലും പഠിക്കുന്നു.
"15 മിനിറ്റിൽ എല്ലാം കഴിഞ്ഞു"; ഞെട്ടലോടെ ഓട്ടോ ഡ്രൈവർ
അക്രമിയെ വീടിന് മുന്നിൽ ഇറക്കിയ ഓട്ടോറിക്ഷ ഡ്രൈവർ ശ്യാം നജറിനെ നടുക്കം വിട്ടകലുന്നില്ല. സന്തെകട്ട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് ശ്യാം.
"അയാൾ മാസ്ക് ധരിച്ചിരുന്നു. പുറത്ത് നീളമുള്ള ബാഗ് തൂക്കിയിട്ടിരുന്നു. ആ വീടിന് മുന്നിൽ ഇറക്കി 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അയാൾ സ്റ്റാന്റിൽ മടങ്ങിയെത്തി. ഇത്ര വേഗം മടങ്ങുമെങ്കിൽ താൻ കാത്തുനിൽക്കുമായിരുന്നു എന്ന് പറഞ്ഞതും അയാൾ തിടുക്കത്തിൽ മറ്റൊരു റിക്ഷയിൽ കയറിപ്പോയി"-ശ്യാം പറഞ്ഞു.
കരാവലി ബൈപാസിലാണ് രണ്ടാമത്തെ റിക്ഷ ഡ്രൈവർ അക്രമിയെ ഇറക്കിയത്. ബംഗളൂരു ചുവയുള്ള കന്നടയാണ് അയാൾ സംസാരിച്ചതെന്നാണ് വിവരം. കേസ് അന്വേഷണത്തിന് അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അരുൺ കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.