‘ദൈവങ്ങളെ രാഷ്ട്രീയത്തിന്റെ പടിക്ക് പുറത്തുനിർത്തണം’; ലഡു വിവാദത്തിൽ നായിഡുവിനെ വിമർശിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തിരുപ്പതി ലഡു നിർമാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന വിവാദത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ആരോപണത്തിന് തെളിവ് വേണമെന്ന് പറഞ്ഞ കോടതി, ദൈവങ്ങളെ രാഷ്ട്രീയത്തിന്റെ പടിക്ക് പുറത്തുനിർത്തണമെന്നും അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് കേസ് തുടർവാദത്തിനായി ഒക്ടോബർ മൂന്നിലേക്ക് മാറ്റി.
വിവാദത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നതടക്കം ഒരുകൂട്ടം ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. സെപ്റ്റംബർ 18ന് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് 25നും പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത് 26നുമാണെന്ന് കോടതി വ്യക്തമാക്കി. കോടിക്കണക്കിന് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുന്ന വിഷയത്തിൽ പ്രസ്താവന നടത്തുന്നത് ഉയർന്ന ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിക്ക് ഭൂഷണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലഡു നിർമാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്നതിനാൽ അത് സ്വീകാര്യമല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വിവാദം പ്രത്യേക സംഘം അന്വേഷിക്കണമോ അതോ സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തണോ എന്ന വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് കോടതിയെ സഹായിക്കാൻ ബെഞ്ച് തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് തിരുപ്പതി ലഡു നിർമാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
എന്നാൽ, രാഷ്ട്രീയനേട്ടത്തിനുവേണ്ടി ഹീനമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് നായിഡുവെന്നായിരുന്നു വൈ.എസ്.ആർ കോൺഗ്രസിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.