ഹരിയാന കോൺഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക്; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: ഹരിയാനയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ കുൽദീപ് ബിഷ്‍ണോയ് ബി.ജെ.പിയിലേക്കെന്ന് സൂചന. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഞായറാഴ്ച കുൽദീപ് കൂടിക്കാഴ്ച നടത്തി.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തതിന് പിന്നാലെ കോൺഗ്രസിന്റെ എല്ലാ പാർട്ടി ചുമതലകളിൽനിന്നും കുൽദീപിനെ പുറത്താക്കിയിരുന്നു. ബി.ജെ.പിയുടെ മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കുൽദീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഇരു നേതാക്കളെയും പുകഴ്ത്തിക്കൊണ്ടായിരുന്നു പോസ്റ്റ്.
മുൻ ഹരിയാന മുഖ്യമന്ത്രി ഭജൻലാലിന്റെ മകനാണ് കുൽദീപ്. രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ചുനൽകിയതിന് പിന്നാലെ കുൽദീപ് ബി.ജെ.പിയിലേക്ക് എത്തുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിക്കും ഇടയാക്കിയിരുന്നു.
മുതിർന്ന നേതാവ് അജയ് മാക്കനായിരുന്നു കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർഥി. കുൽദീപിന്റെ അപ്രതീക്ഷിത നീക്കത്തോടെ അജയ് മാക്കൻ പരാജയപ്പെട്ടു. ഹരിയാനയിൽ പാർട്ടി അധ്യക്ഷനായി ഹൂഡയുടെ വിശ്വസ്തൻ ഉദയ് ഭാനെ നിയമിച്ചതിൽ കുൽദീപിന് അതൃപ്തിയുണ്ടായിരുന്നു. അജയ് മാക്കന്റെ സ്ഥാനാർഥിത്വത്തിനെതിരായ പ്രതിക്ഷേധങ്ങൾക്ക് ചുക്കാൻ പിടിച്ചതും കുൽദീപായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.