കെ.സി. വേണുഗോപാൽ കോൺഗ്രസിലെ അഞ്ചാം അധികാര കേന്ദ്രമായെന്ന് സഞ്ജയ് നിരുപം: ലെഫ്റ്റിസ്റ്റുകൾ കോൺഗ്രസിനെ കൈയടക്കി, അവർ രാഹുൽ ഗാന്ധിയെ വലയം ചെയ്തിരിക്കുന്നു
text_fieldsമുംബൈ: കെ.സി വേണുഗോപാൽ സംഘടനാ സെക്രട്ടറിയായി കോൺഗ്രസിന്റെ അഞ്ചാം അധികാര കേന്ദ്രമായി മാറിയെന്നും പാർട്ടി പതനത്തിലേക്ക് നീങ്ങുകയാണെന്നും കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട സഞ്ജയ് നിരുപം ആരോപിച്ചു.
കെ.സി വേണുഗോപാലിനെ കടന്നാക്രമിച്ച സഞ്ജയ് നിരുപം വേണുഗോപാലിന് ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാനറിയില്ലെന്നും വേണുഗോപാലിന്റെ മലയാളം തങ്ങൾക്കും മനസിലാകില്ലെന്നും പരിഹസിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരാണ് മറ്റു നാലു അധികാര കേന്ദ്രങ്ങളെന്നും സഞ്ജയ് നിരുപം വ്യക്തമാക്കി. ലെഫ്റ്റിസ്റ്റുകൾ കോൺഗ്രസിനെ കൈയടക്കിയെന്നും അവർ രാഹുൽ ഗാന്ധിയെ വലയം ചെയ്തിരിക്കുകയാണെന്നും നിരുപം കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗം എടുക്കാചരക്കായെന്നും കോൺഗ്രസ് ആദർശത്തിന്റെ കാലം കഴിഞ്ഞെന്നും നിരുപം തുടർന്നു. ഗാന്ധിജിയുടെ മതേതരത്വത്തിൽ മതവിരോധമുണ്ടായിരുന്നില്ല. എന്നാൽ നെഹ്റുവിന്റെ മതേതരത്വം മത വിരുദ്ധമാണ്. അതാണിപ്പോഴും നടക്കുന്നത്. എല്ലാ ആദർശങ്ങളുടെയും സമയം വരും. കമ്യൂണിസം അവസാനിച്ചു.
70 വർഷത്തിന് ശേഷം നെഹ്റുവിയൻ മതേതരത്വത്തിന്റെ കാലം കഴിഞ്ഞു. ഇത് മനസിലാക്കാനും സ്വീകരിക്കാനും കോൺഗ്രസ് തയാറാകുന്നില്ല. കോൺഗ്രസിലെ ലെഫ്റ്റിസ്റ്റുകളാണ് രാമക്ഷേത്രത്തെ എതിർക്കുന്നതെന്നും രാമന്റെ അസ്ഥിത്വത്തിൽ ചോദ്യമുയർത്തുന്നതെന്നും നിരുപം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.