നയിച്ചിരുന്നത് ആഡംബര ജീവിതം; സ്ത്രീപീഡന കേസിലും പ്രതി, ആരാണ് ആനന്ദ് ഗിരിയെന്ന വിവാദ സന്യാസി
text_fieldsഅഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹാന്ത് നരേന്ദ്ര ഗിരിയുടെ മരണത്തെ തുടർന്ന് ചർച്ചയാവുന്ന പേരാണ് ആനന്ദ് ഗിരി. ഒരുകാലത്ത് നരേന്ദ്ര ഗിരിയുടെ വിശ്വസ്തനും അനുയായിയുമായ ആനന്ദ് ഗിരിക്ക് മരണത്തിൽ പങ്കുണ്ടെന്ന വാർത്ത ഞെട്ടലോടെയാണ് മഠവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ശ്രവിച്ചത്. നിലവിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഫാനിൽ തൂങ്ങിയ നിലയിൽ നരേന്ദ്ര ഗിരിയുടെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ ആത്യമഹത്യ കുറിപ്പിൽ ആനന്ദ് ഗിരി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. ഇതാണ് ആനന്ദ് ഗിരിയിലേക്ക് അന്വേഷണമെത്താനുള്ള കാരണം. നേരത്തെ ചില തർക്കങ്ങളെത്തുടർന്ന് ആനന്ദ് ഗിരിയെ മഠത്തിൽ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.
38കാരനായ ആനന്ദ് ഗിരി പ്രയാഗ്രാജിലെ ബാദെ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയാണ്. സ്വയം യോഗ ഗുരുവെന്നും ആത്മീയ നേതാവെന്നും വിളിക്കുന്ന ആനന്ദ ഗിരി സന്യാസിക്ക് ചേർന്ന ജീവിതമായിരുന്നില്ല നയിച്ചിരുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ആഡംബര കാറുകളും ബൈക്കുകളും ഉപയോഗിക്കുന്ന ആനന്ദഗിരിയുടെ നിരവധി ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഗിരിയുടെ ആഡംബര ഹോട്ടലുകളിലെ താമസവും വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകളുമെല്ലാം ചർച്ചയായിരുന്നു.
2019 മേയിൽ ആനന്ദ് ഗിരിയെ സിഡ്നി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016ലും 2018ലും സ്ത്രീകളോട് മോശമായി പെരുമാറിയതിന് ഗിരിക്കെതിരെ കേസുണ്ടായിരുന്നു. ഈ കേസുകളിലായിരുന്നു അറസ്റ്റ്. രാജസ്ഥാനിലെ ഭിൽവാഡയിലെ മധ്യവർഗ കുടുംബത്തിൽ ജനിച്ച ആനന്ദ് ഗിരി 12ാം വയസിൽ വീടുവിട്ടിറങ്ങി ഹരിദ്വാറിലെ ഗുരുഗുലത്തിൽ ചേർന്നു. പിന്നീട് നരേന്ദ്ര ഗിരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാഗാംഭരി മഠത്തിലെത്തി. അതിന് ശേഷം നിരഞ്ജിനി അഘാഡയുടെ ഭാഗമായി.
വൈകാതെ മഠത്തിലെ പ്രബലനായി ആനന്ദ ഗിരി വളർന്നു. എന്നാൽ, ഇയാളുടെ ആഡംബര ജീവിതവും മഠത്തിലെ ഇടപെടലുകളിലും പലർക്കും അതൃപ്തിയുണ്ടായിരുന്നു. പക്ഷേ ഇതിന് ശേഷവും ആനന്ദ ഗിരിക്ക് മഠം നൽകി വന്നിരുന്ന പിന്തുണ തുടരുകയാണ് ചെയ്തത്. പിന്നീട് ഭൂമിയിടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ആനന്ദ ഗിരിയും നരേന്ദ്ര ഗിരിയും തമ്മിൽ തെറ്റുന്നത്. ഇതിന് പിന്നാലെ ആനന്ദ് ഗിരിയെ ആശ്രമത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.