മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നതിന് തെളിവില്ലെന്ന് വിദഗ്ധർ
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് രാജ്യം മെല്ലെ കരകയറിവരുന്നതേയുള്ളൂ. മൂന്നാം തരംഗത്തെയും കരുതിയിരിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുമുണ്ട്. മൂന്നാം തരംഗം മുതിർന്നവരെക്കാൾ കുട്ടികളെയാണ് കൂടുതൽ ബാധിക്കുക എന്ന ആശങ്ക നിലനിൽക്കുന്നുമുണ്ട്. എന്നാൽ, ഇൗ ആശങ്ക സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ഇല്ലെന്നാണ് ആരോഗ്യവിദഗ്ധർതന്നെ നൽകുന്ന വിവരം. രാജ്യത്തെ പ്രധാനപ്പെട്ട ശിശുരോഗ വിദഗ്ധരെ ചേർത്ത് ലാൻസെറ്റ് കോവിഡ് കമീഷൻ ഇന്ത്യ ടാസ്ക് ഫോഴ്സ് നടത്തിയ പഠനത്തിലാണ് ആശ്വാസമേകുന്ന ഇൗ റിപ്പോർട്ട്.
മുതിർന്നവരെക്കാൾ ലഘുവായാണ് കുട്ടികളെ കോവിഡ് ബാധിക്കുന്നതെന്നും വേഗത്തിൽ അവർ സുഖപ്പെടുന്നതും മരണനിരക്ക് കുറവാണെന്നതും മൂന്നാം തരംഗം കുട്ടികളെ രൂക്ഷമായി ബാധിക്കാൻ സാധ്യത കുറവാണെന്ന് പഠനം പറയുന്നു. കുട്ടികളിലുണ്ടാകുന്ന കോവിഡ് മിക്കപ്പോഴും ലക്ഷണങ്ങളില്ലാത്തതാണ്. ചില കുട്ടികളിൽ നേരിയ ലക്ഷണങ്ങളോടെയാണ് കോവിഡ് ബാധിക്കുന്നത്. ചിലരിൽ പനിയും വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരാറുണ്ട്.
പ്രായം കൂടുന്നതിനനുസരിച്ച് രോഗലക്ഷണങ്ങളുടെ കാഠിന്യം വർധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് ബാധിതരായ കുട്ടികളെക്കുറിച്ച് ദേശീയതലത്തിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തത് ഇൗ മേഖലയിലെ പഠനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
തമിഴ്നാട്, കേരളം, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ച 2600 കുട്ടികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ഇൗ പ്രായക്കാരിലെ മരണനിരക്ക് 2.4 ശതമാനമാണ്. ഇവരിൽ 40 ശതമാനം പേരും മരിച്ചത് മറ്റു രോഗങ്ങൾ കാരണമാണെന്നും പഠനത്തിൽ പറയുന്നു.
രോഗബാധിതരായ ലക്ഷം കുട്ടികളിൽ 500 പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നുള്ളൂവെന്നും അതിൽ രണ്ടു ശതമാനം മാത്രമാണ് മരണമടഞ്ഞതെന്നും സംഘാംഗമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർ സുശീൽ കെ. കബ്ര വ്യക്തമാക്കുന്നു.
എന്നാൽ, ആസ്തമ, പൊണ്ണത്തടി, മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തിൽ തകരാർ എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും സംഘം മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.