ജാഗ്രതൈ; കോവിഡിന്‍റെ രണ്ടാം വരവിൽ യുവാക്കൾക്കും രക്ഷയില്ല
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തേ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യം. മഹാമാരിയുടെ ആദ്യ വരവിനേക്കാൾ അതിഭീകരമാണ് രണ്ടാം വരവെന്നാണ് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നത്.
രണ്ടാം തരംഗത്തിൽ പ്രായമായവരേക്കാൾ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ പറഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളിലും സമൂലമായ മാറ്റം കാണിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
'പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോൾ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങൾ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടൽ സംബന്ധിയായ പ്രശ്നങ്ങൾ, ഓക്കാനം, കണ്ണുകൾ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആരും പനിയുള്ളതായി പറയുന്നില്ല' -ജെനസ്ട്രിങ്സ് ഡയഗനോസ്റ്റിക് സെന്‍റർ ഫൗണ്ടർ ഡയറക്ടർ ഡേ. ഗൗരി അഗർവാൾ പറഞ്ഞു.
രോഗബാധിതരിൽ 65 ശതമാനം ആളുകളും 45 വയസ്സിൽ താഴെയുള്ളവരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
'രണ്ടാം തരംഗത്തിൽ 12നും 15നും താഴെ പ്രായമുള്ള കുട്ടികളിൽ വരെ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല' -മഹാരാഷ്ട്ര കോവിഡ് ടാസ്ക് ഫോഴ്സ് അംഗമായ ഖുഷ്റവ് ഭജൻ പറയുന്നു.
രണ്ട് തവണ ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും ഇവ കൂടുതൽ അപകടകാരിയാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും വാരാന്ത്യ ലോക്ഡൗണും നൈറ്റ് കർഫ്യൂവും ഏർപെടുത്തി. എന്നാൽ ഇവ മതിയാകില്ലെന്നും ദീർഘകാലത്തേക്ക് ലോക്ഡൗൺ ഏർപെടുത്തിയാൽ മാത്രമേ കോവിഡ് വ്യാപനം പിടിച്ചുകെട്ടാൻ സാധിക്കൂവെന്നും ഡൽഹി ശ്രീ ഗംഗാറാം ആശുപത്രിയിലെ ശ്യാം അഗർവാൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.