നഗരങ്ങൾ കടന്ന് ഗ്രാമങ്ങളിലേക്കും കോവിഡ്; പ്രതിരോധ പ്രവർത്തനങ്ങൾ വെല്ലുവിളിയാകുന്നു
text_fieldsന്യൂഡൽഹി: നഗരങ്ങൾക്ക് പുറമെ ജനസാന്ദ്രത ഏറിയ ഗ്രാമങ്ങളിലും കോവിഡ് പടരുന്നത് രാജ്യത്ത് വരും ദിവസങ്ങൾ നിർണായകമാകും. രാജ്യത്ത് 61,000 പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. 900ത്തിൽ അധികം മരണവും ദിവസവും റിപ്പോർട്ട് ചെയ്യുന്നു.
വയനാട് ജില്ലയിലെ വാളാട് ഗ്രാമത്തിൽ 236 പേർക്കാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ചത്. ഒഡീഷയിലെ കടപാലി ഗ്രാമത്തിൽ 200ൽ അധികം പേർക്കും കുറച്ചുദിവസങ്ങൾക്കിടെ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 50 ദിവസമായി പ്രദേശം ലോക്ഡൗണിലാണ്.
കടപാലി ഗ്രാമത്തിൽ 100ൽ അധികംപേർക്കും രോഗം സ്ഥിരീകരിച്ചത് രണ്ടു ദിവസങ്ങളിലായാണ്. രോഗം കണ്ടെത്തിയ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ലാത്തത് സ്ഥിതിഗതികൾ രൂക്ഷമാക്കുന്നു. രോഗം സ്ഥിരീകരിച്ചവർ പോലും തൊട്ടടുത്ത ക്വാറൻറീൻ സെൻററിൽ പ്രവേശിക്കാൻ മടിക്കുന്നു. കൂടുതൽ പേരിലേക്ക് രോഗം സ്ഥിരീകരിക്കുന്നതോടെ കഴിഞ്ഞ ആറാഴ്ചയായി പ്രദേശം കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ദിവസക്കൂലിയിൽ ജോലിചെയ്യുന്നവരുടെ വരുമാനവും നിലച്ചു. സമീപ പ്രദേശങ്ങളിലേക്കും രോഗം പകരുന്നതോടെ കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്ൻമെൻറ് സോണുകളിൽ ഉൾപ്പെടുത്തുകയാണ് ഇവിടങ്ങളിൽ. ഇതോടെ ഗ്രാമവാസികൾ പട്ടിണിയും രോഗവും കൊണ്ട് ഒരുപോലെ വലയുന്നു.
രാജ്യത്തെ 739 ജില്ലകളിൽ 711ലും കോവിഡ് പടർന്നുപിടിച്ചുകഴിഞ്ഞു. 100 ഓളം ദരിദ്രഗ്രാമങ്ങളിലും കോവിഡ് പടർന്നു. ഗ്രാമപ്രദേശങ്ങളിൽ കോവിഡ് നിയന്ത്രണാതീതമായി തുടരുന്നതും കൂടുതൽ പേരിലേക്ക് രോഗം പടരുന്നതും രാജ്യത്തെ കോവിഡ് വ്യാപനത്തിൻെറ വ്യാപ്തി കാണിച്ചുതരുന്നു. മതിയായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാൻ സാധിക്കാത്തതും ജന സാന്ദ്രതയുമാണ് ഇവിടങ്ങളിലെ പ്രധാന വെല്ലുവിളി. ഇടുങ്ങിയ വീടുകളിൽ ധാരാളം പേർ താമസിക്കുന്നതും ഒരാളിൽനിന്ന് എളുപ്പത്തിൽ മറ്റൊരാളിലേക്ക് രോഗം പകരാൻ ഇടവരുത്തുന്നു. ഒഡീഷയിലെ ഗ്രാമങ്ങളിൽേപാലും നഗര ചേരികളുടെ സ്വഭാവമാണെന്ന് ബർഗഢ് ജില്ല അഡ്മിനിസ്ട്രേറ്റർ ജ്യോതി രജ്ഞൻ പ്രതാൻ പറയുന്നു. ഗ്രാമങ്ങളിലെ േകാവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാനവെല്ലുവിളി ആരോഗ്യ സംവിധാനങ്ങളുടെ പരിമിതിയാണ്. തിങ്ങിനിറഞ്ഞ് താമസിക്കുന്ന ജീവിതരീതിയും രോഗവ്യാപനത്തിന് ഇടയാക്കുന്നു.
വരും ദിവസങ്ങളിൽ രാജ്യത്തെ കോവിഡ് കണക്കുകളിൽ വൻവർധനയുണ്ടാകുമെന്നാണ് അധികൃതരുടെ അഭിപ്രായം. ബിഹാർ, മധ്യപ്രദേശ്, തെലങ്കാന, ജാർഖണ്ഡ്, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും വലിയ ഗ്രാമപ്രദേശങ്ങളിലും കോവിഡ് ഇതിനോടകം പടർന്നുപിടിച്ചുകഴിഞ്ഞു. ഇൗ മാസം അവസാനത്തോടെ 30 ലക്ഷം കോവിഡ് ബാധിതർ രാജ്യത്തുണ്ടാകാമെന്നും സാമ്പത്തിക, സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാകും വരും ദിവസങ്ങളെന്നുമാണ് വിദഗ്ധരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.