തമിഴ്നാട്ടിൽ പടക്ക നിർമാണ കേന്ദ്രത്തിൽ പൊട്ടിത്തെറി; അഞ്ചുമരണം
text_fieldsചെന്നൈ: മധുര ജില്ലയിലെ ചെങ്കുളം ഭാഗത്തെ സ്വകാര്യ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സ്ത്രീ തൊഴിലാളികൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്കാണ് അപകടം. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.
മധുര വിരുതുനഗർ ജില്ലാതിർത്തിയിൽ കല്ലുപ്പട്ടി ചെങ്കുളം എരിച്ചനത്തം മുരുകനേരി താലികുളത്തുപട്ടിയിലെ ഷൺമുഖനാഥൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള രാജലക്ഷ്മി ഫയർ വർക്സിലാണ് പൊട്ടിത്തെറി.
പരിക്കേറ്റവരെ മധുര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരുതുനഗർ, ശ്രീവില്ലിപുത്തൂർ എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പടക്കത്തിന് തിരിപിടിപ്പിക്കുന്നതിനിടെയുണ്ടായ ഉരസലിലാണ് വെടിമരുന്നിന് തീപിടിച്ചത്. കമ്പനിയിലെ 15 യൂനിറ്റുകളിലെ രണ്ട് കെട്ടിടങ്ങൾ പൂർണമായും തകർന്നു. ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നൂറിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ദീപാവലി പ്രമാണിച്ച് കൂടുതൽ സ്റ്റോക്കുണ്ടായിരുന്നതായി കല്ലുപ്പട്ടി പൊലീസ് പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസാമി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപ വീതവും അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.