മിസോറാം അതിർത്തിയിൽ വൻതോതിൽ സ്‌ഫോടക ശേഖരം കണ്ടെത്തി
text_fieldsമിസോറം: മിസോറം പൊലീസുമായി സഹകരിച്ച് അസം റൈഫിൾസ് നടത്തിയ റെയ്ഡിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. സെർചിപ്പ്-തെൻസോൾ റോഡിൽ സംയുക്ത സേന ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് വൻതോതിൽ അനധികൃത സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായതായും അധികൃതർ അറിയിച്ചു.
9600 ജലാറ്റിൻ സ്റ്റിക്കുകൾ, 9400 ഡിറ്റണേറ്ററുകൾ, 1800 മീറ്ററിലധികം കോർടെക്‌സ് എന്നിവ ഉൾപ്പെടുന്ന വലിയ സ്ഫോടക ശേഖരമാണ് പിടിച്ചെടുത്തതെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ അറിയിച്ചു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അസം റൈഫിൾസും മിസോറം പൊലീസും സംയുക്തമായാണ് മേഖലയിൽ വാഹനങ്ങൾ പരിശോധിച്ചത്. ഇതിനിടെ പ്രതികൾ സഞ്ചരിച്ച വാഹനം പരിശോധിക്കുകയും സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയുമായിരുന്നു. അറസ്റ്റിലായവരെയും സ്ഫോടക വസ്തുക്കളും കൂടുതൽ അന്വേഷണത്തിനായി മിസോറം പൊലീസിന് കൈമാറി.
നേരത്തെ, അസം റൈഫിൾസ് എക്‌സൈസ് ആൻഡ് നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റും കസ്റ്റം പ്രിവന്റീവ് ഫോഴ്‌സും ചേർന്ന് മിസോറമിലെ ചമ്പായി ജില്ലയിൽ നടത്തിയ റെയ‍്‍ഡിൽ 1.01 കോടി രൂപയുടെ ഹെറോയിനും അനധികൃത ലഹരി മരുന്നുകളും കണ്ടെത്തിരുന്നു. സംഭവത്തിൽ ഒരു മ്യാൻമർ പൗരൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.