മകൾ യു.എന്നിലും ലോകാരോഗ്യ സംഘടനയിലുമൊക്കെ ജോലി ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്ന് മരിച്ച അന്നയുടെ മാതാവ്
text_fieldsകൊച്ചി: 26 വയസ്സുള്ള അന്ന സെബാസ്റ്റ്യൻ പേരയിലിന് ജീവിതമെന്നത് പുതിയ ചക്രവാളങ്ങൾ അന്വേഷിക്കലായിരുന്നു. അതിനാൽതന്നെ കേരളത്തിലെ കൊച്ചി നഗരത്തിൽ നിന്നുള്ള ഊർജസ്വലയായ പെൺകുട്ടിക്ക് പൂണെയിൽ ജോലി ചെയ്യാനുള്ള ഇ.വൈയുടെ സഹോദര സ്ഥാപനമായ എസ്.ആർ.ബി.സിയിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. ഒരു പുതിയ നഗരത്തിലേക്ക് പറക്കുന്നതിനായി മാതാപിതാക്കളുടെ ആഗ്രഹത്തിനെതിരെ അവൾ പോരാടി.
‘മകൾ കൊച്ചി വിടുന്നതിൽ ഞങ്ങൾക്ക് തീരെ താൽപര്യമില്ലായിരുന്നു. പക്ഷേ അവൾ നിർബന്ധം പിടിക്കുകയും തനിക്ക് ലോകം കാണണമെന്ന് പറയുകയും ചെയ്തു. അവളുടെ ബന്ധു സഹോദരങ്ങൾ വിവിധ നഗരങ്ങളിൽ എങ്ങനെ ജോലി ചെയ്യാൻ തുടങ്ങിയെന്നും അവരെങ്ങനെ വിദ്യാഭ്യാസത്തിനായി യാത്ര ചെയ്യുന്നുവെന്നുമൊക്കെ ഞങ്ങളെ ബോധ്യപ്പെടുത്തി. പുണെയിലേക്ക് പോകുന്നതിനെക്കുറിച്ചും അവിടെ താമസിക്കുന്നതിനെക്കുറിച്ചും അവൾ വലിയ ആവേശത്തിലായിരുന്നുവെന്ന്’ അമ്മ അനിത അഗസ്റ്റിൻ ഓർക്കുന്നു.
ഒരു കുടുംബത്തിന്റെ തകർന്ന സ്വപ്നങ്ങളെക്കുറിച്ച് ഹൃദയം നുറുങ്ങി അവർ സംസാരിക്കവെ അമിത തൊഴിൽ സംസ്കാരം മഹത്വവത്കരിക്കപ്പെടരുതെന്ന ആഗ്രഹം പങ്കുവെച്ചു. പുണെയിലേക്ക് മാറിയത് മുതൽ അന്നക്ക് ഒന്നിനും സമയം കിട്ടിയില്ല. നാല് മാസത്തോളം അവിടെ താമസിച്ച അവൾ ഹൃദയാഘാതം മൂലം ജൂലൈയിൽ സ്വപ്നങ്ങൾ ബാക്കിയാക്കി മറഞ്ഞു. പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും നഗരം കാണാനും അതിന്റെ സംസ്കാരം ആഴത്തിലറിയാനും അവൾക്ക് കഴിഞ്ഞില്ല. അതെല്ലാം മറക്കാം. സ്വന്തം താമസസ്ഥലത്ത് മറ്റുള്ളവരുമായി ഇടപഴകാൻ പോലും തന്റെ കുട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും അമ്മ ഒരു മാധ്യമത്തോട് പങ്കുവെച്ചു. ‘അവൾ ഓഫിസിൽ നിന്ന് രാത്രി വൈകി തിരിച്ചെത്തുമ്പോഴേക്കും അവർ ഉറങ്ങിയിരിക്കും. അതിരാവിലെ ജോലിക്ക് പോകുമ്പോൾ അവരുടെ ദിവസം പോലും ആരംഭിച്ചിട്ടുണ്ടാവില്ല. ഈ കൊച്ചുകുട്ടികളെ മാതാപിതാക്കൾ ഒരു പുതിയ സ്ഥലത്തേക്ക് വിടുന്നു. ഒറ്റപ്പെടുന്ന അവർക്ക് എന്തെങ്കിലും പിന്തുണ നൽകണം. ആദ്യത്തെ രണ്ട് വർഷമെങ്കിലും അവരെ സഹായിക്കണം. അവർ നടത്തുന്ന സമരങ്ങളോട് ഒരു സംവേദനക്ഷമതയും നമ്മുടെ സമൂഹത്തിനില്ലെന്ന നിരാശ പ്രകടിപ്പിച്ചുകൊണ്ട് അനിത പറഞ്ഞു.
അന്ന അവളുടെ ലാപ്‌ടോപ്പിൽ അള്ളിപ്പിടിച്ചിരിക്കുകയും ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മണിക്കൂറുകളോളം ജോലി ചെയ്യുകയും ചെയ്തു. മെച്ചപ്പെട്ട ഭാവി പ്രതീക്ഷിച്ചാണ് ഇത് ചെയ്തത്. പ്രതിവാര ഓഫുകളോ കോംപൻസേറ്റിവ് ഓഫുകളോ ഇല്ലായിരുന്നു. അവൾ ചെയ്ത അധിക ജോലിക്ക് കൂലി പോലും കിട്ടിയില്ല. അസുഖം വന്ന വാരാന്ത്യത്തിൽ പോലും അവൾ ജോലി ചെയ്യുകയായിരുന്നു. തന്റെ ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നില്ലെന്നും ഐ.ടി ടീമിനെക്കണ്ട് ഇത് പരിഹരിക്കാൻ ഓഫിസിലേക്ക് പോകുകയാണെന്നും മാനേജരോട് പറഞ്ഞിരുന്നുവെന്ന് കമ്പനി പറയുന്നു. അസുഖം ബാധിച്ച രാത്രി ജൂലൈ 20നും തന്റെ മകൾ ജോലി ചെയ്തുവെന്നും തീരാവേദനയോടെ അമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.