കർണാടകയിൽ കണ്ണുനട്ട് ആപ്; കോൺഗ്രസിന് തലവേദന
text_fieldsബംഗളൂരു: ദേശീയ പദവി നേട്ടത്തിന് പിന്നാലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കാനെത്തുന്ന ആം ആദ്മി പാർട്ടി പ്രചാരണം സജീവമാക്കി. നാലു ഘട്ടങ്ങളിലായി 224 സീറ്റിൽ 211 സ്ഥാനാർഥികളെയും പ്രഖ്യാപിച്ച ആപ് ദേശീയ നേതാക്കളെ പ്രചാരണത്തിന് രംഗത്തിറക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ചൊവ്വാഴ്ച ഹുബ്ബള്ളിയിലും ഗദകിലും റാലി നയിച്ചപ്പോൾ രാഘവ് ഛദ്ദ ബുധനാഴ്ച ബംഗളൂരുവിലെത്തി. ആപ്പിന് വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് ഗദകിലെ റോൺ. ബി.ജെ.പിയും കോൺഗ്രസും തമ്മിലെ മത്സരത്തിനിടയിലേക്ക് ആപ് സ്ഥാനാർഥി ആനേക്കൽ ദൊഡ്ഡയ്യകൂടി വന്നതോടെ ത്രികോണ മത്സരമായി. ജനപ്രീതിയുള്ള നേതാവാണ് മുമ്പ് ബി.ജെ.പിയിലുണ്ടായിരുന്ന ദൊഡ്ഡയ്യ. പുലികേശി നഗറിലെ സ്ഥാനാർഥി സുരേഷ് റാത്തോഡിന്റെ പ്രചാരണ റാലിയിൽ പങ്കെടുത്ത രാഘവ് ഛദ്ദ ചെണ്ടമേളക്കാർക്കൊപ്പം ചെണ്ട കൊട്ടുന്ന വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. മാർച്ച് നാലിന് അരവിന്ദ് കെജ്രിവാളും ഭഗവന്ത് മാനും ദാവൻഗരെയിൽ റാലി നയിച്ചിരുന്നു.
പ്രതിമാസം 300 യൂനിറ്റ് സൗജന്യ വൈദ്യുതി, പ്രാദേശികതലത്തിൽ 80 ശതമാനം ജോലി സംവരണം, സർക്കാർ ജോലികളിൽ 33 ശതമാനം വനിത സംവരണം തുടങ്ങിയവയാണ് ആപിന്റെ വാഗ്ദാനങ്ങൾ.
ബി.ജെ.പി സർക്കാറിന്റെ അഴിമതി തുറന്നുകാട്ടിയ ‘40 ശതമാനം കമീഷൻ സർക്കാർ’ എന്ന കോൺഗ്രസിന്റെ പ്രചാരണമാണ് ആപ്പും ഏറ്റെടുത്തത്. ബി.ജെ.പിക്കെതിരെ സർവസന്നാഹവുമായി പ്രചാരണത്തിനിറങ്ങുന്ന കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ ആപ്പിന്റെ സാന്നിധ്യം ഭയക്കുന്നുണ്ട്. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യ ശ്രമങ്ങളോട് കെജ്രിവാളിന്റെ പാർട്ടി അടുക്കുമ്പോഴും കർണാടകയിൽ മുഴുവൻ സീറ്റിലും മത്സരിക്കുന്നത് സംശയത്തിന് ഇടനൽകുന്നു. കർണാടകയിൽ ബി.ജെ.പിയുടെ പരാജയ സാധ്യതകൾ നിലനിൽക്കെ, ആപ്പിന്റെ സാന്നിധ്യം പ്രതിപക്ഷ വോട്ടുകൾ ചിതറിക്കുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
2018ലെ തെരഞ്ഞെടുപ്പിൽ കാര്യമായി ബംഗളൂരുവിലെ വോട്ടർമാരെയാണ് ആപ് ലക്ഷ്യമിട്ടതെങ്കിൽ പഞ്ചാബിലെ വിജയത്തിനും ഗുജറാത്തിലെയും ഗോവയിലെയും പ്രകടനത്തിനും ശേഷം പാർട്ടി സാന്നിധ്യം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് കർണാടകയിലെ മുഴുവൻ മണ്ഡലങ്ങളിലും ഇത്തവണ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച 28 സീറ്റിലും പരാജയപ്പെട്ടു. 0.06 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. മുഴുവൻ സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശുപോയി. എന്നാൽ, ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് പ്രിഥ്വി റെഡ്ഡി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാനായിരുന്ന മുൻ സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവു ബി.ജെ.പിയിലേക്ക് ചേക്കേറിയത് ആപ്പിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. നാടക പ്രവർത്തകനും കലാകാരനുമായ ‘മുഖ്യമന്ത്രി ചന്ത്രു’വിനാണ് പകരം ദൗത്യം. ആപ് നിരയിൽ രണ്ട് മലയാളി സ്ഥാനാർഥികളുമുണ്ട്. ബംഗളൂരുവിലെ ശിവാജി നഗർ മണ്ഡലത്തിൽ പ്രകാശ് നെടുങ്ങാടിയും ശാന്തിനഗർ മണ്ഡലത്തിൽ കെ. മത്തായിയുമാണ് ജനവിധി തേടുക. ശാന്തിനഗറിൽ സിറ്റിങ് എം.എൽ.എയും മലയാളിയുമായ കോൺഗ്രസിന്റെ എൻ.എ. ഹാരിസിനെതിരെയാണ് മത്തായി മത്സരിക്കുന്നത്. ഇനി 13 സീറ്റുകളിൽ കൂടി ആപ്പിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.