മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെയും സ്ത്രീയുടെയും കണ്ണുകൾ ചൂഴ്ന്നെടുത്തു; നടുക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
text_fieldsഇംഫാൽ: മണിപ്പൂരിലെ പുനരധിവാസ ക്യാമ്പിൽനിന്ന് തട്ടിക്കൊണ്ടുപോയതിനുശേഷം നദിയിൽ കണ്ടെത്തിയ കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ കൂടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിശദാംശങ്ങളാണുള്ളത്. 10 മാസം പ്രായമുള്ള കുട്ടിയുടെയും ഒരു സ്ത്രീയുടെയും കണ്ണുകൾ മൃതദേഹത്തിൽ കാണാനായില്ല. എട്ട് വയസ്സുകാരിയുടെ ശരീരത്തിൽ നിരവധി വെടിയുണ്ടകൾ കാണപ്പെട്ടു.
സിൽചാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഏറ്റവും പുതിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈഷ്‌റാം ലംഗൻബ എന്ന 10 മാസം പ്രായമുള്ള ആൺകുട്ടിയുടെ രണ്ട് നേത്രഗോളങ്ങളും കൺകുഴിയിൽ നിന്ന് നഷ്ടപ്പെട്ടതായും ശരീരത്തിൽ വെട്ടേൽക്കുകയും തല ഉടലിൽനിന്ന് വേർപ്പെട്ട നിലയിൽ ആയിരുന്നുവെന്നും പറയുന്നു.
നവംബർ 17ന് മോർച്ചറിയിൽ എത്തിച്ചപ്പോൾ ടീ ഷർട്ടും ട്രൗസറും ധരിച്ചിരുന്ന നിലയിലായിരുന്നുവെങ്കിലും കുട്ടിയുടെ മൃതദേഹം അഴുകിയിരുന്നുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ, ടെലൻ തജൻഗൻബി എന്ന എട്ടുവയസ്സുകാരിക്ക് വയറ്റിൽ വെടിയുണ്ടകൾ മൂലം നിരവധി പരിക്കുകളുണ്ടായിരുന്നു. 31 കാരിയായ ടെലിം തോയ്ബി എന്ന സ്ത്രീക്ക് വെടിയുണ്ടകളേറ്റ് തലയോട്ടി തകർന്നിരുന്നു.
ഈ കുടുംബത്തിലെ മറ്റ് മൂന്ന് അംഗങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോയവരുടെ ക്രൂരതയുടെ ആഴം വ്യക്തമാകുന്ന വിധം മറ്റുള്ളവരുടേതും വരുന്നത്. നേരത്തെ പുറത്തുവിട്ട ചിംകീന്‍ബ സിങ് (മൂന്ന്), ഹെയ്‌തോന്‍ബി ദേവി (25), റാണി ദേവി (60) എന്നിവരുടെ റിപ്പോര്‍ട്ടിലും അസ്വസ്ഥപ്പെടുത്തുന്ന വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
മണിപ്പൂരിലെ ജിരിബാം ജില്ലയിൽ നിന്ന് തെക്കൻ അസമിലെ കച്ചാറിലേക്ക് ഒഴുകുന്ന ബരാക് നദിയിൽ നിന്ന് നവംബര്‍ 16നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവം നടന്ന ദിവസങ്ങള്‍ക്ക് ശേഷംകണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു. നവംബര്‍ 22ന് കനത്ത സുരക്ഷയോടെ ആറുപേരുടെയും സംസ്‌കാരം നടത്തി.
സുരക്ഷാ സേനയും കുക്കി വിഭാഗത്തിലെ 11 പേരും തമ്മിലുള്ള വെടിവെപ്പിനു ശേഷമായിരുന്നു മെയ്‌തെയ് വിഭാഗത്തിലെ ആറ് പേരെ നവംബര്‍ 11ന് ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കാണാതായത്. കുക്കി സോ തീവ്രവാദികളാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 11 കുക്കി ഗോത്രവിഭാഗക്കാരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ സംസ്‌കാരം നടത്തില്ലെന്നാണു കുക്കി ഗോത്രസംഘടനകള്‍ അറിയിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഇതുവരെ 258 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. സ്ഥിതിഗതികള്‍ അനുദിനം വഷളായിട്ടും മണിപ്പൂരിനു നേരെ കണ്ണടക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷം പലവട്ടം ആവശ്യപ്പെട്ടിട്ടും നരേന്ദ്ര മോദി അതിന് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.