'കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് റാലി നീങ്ങിയത്; പക്ഷേ എെൻറ കണ്ണുകൾ അവർ തകർത്തു' - മുഹറം ദിനത്തിലെ പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപെട്ട കശ്മീർ യുവാവ് സങ്കടത്തോടെ പറയുന്നു
text_fieldsമുഹറം യാത്രക്കു നേരെ കശ്മീർ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണം അവിടെ നടക്കുന്ന അനീതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കശ്മീരിൽ പൂർണമായി സമാധാനം കൈവരിച്ചുവെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു പറയുേമ്പാൾ, ആർക്കാണ് സമാധാനവും സ്വാതന്ത്രവും ലഭിച്ചതെന്നാണ് ആക്രമണത്തിന് വിധേയരായ ഈ ചെറുപ്പക്കാർ ചോദിക്കുന്നത്. രാജ്യം ഭരിക്കുന്നവർക്ക് ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കാം. പക്ഷേ, രണ്ടായി വിഭജിക്കപ്പെട്ട ഈ നാട്ടിൽ ഇതു സാധാരണമാണ്. പൊലീസിെൻറയും പട്ടാളത്തിെൻറയും ചെയ്തികൾ ചോദ്യം ചെയ്യാൻ ആരുമില്ല.
ആഗസ്റ്റ് 29ന് മുഹറം ദിനത്തിൽ ശിയ മുസ്ലിംകൾ നടത്തിയ ഘോഷയാത്രക്കു നേരെയാണ് പൊലീസ് പെല്ലറ്റ് ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ കൗമാരക്കാരൻ അഅ്ജാസ് അഹ്മദിെൻറ ഒരു കണ്ണിെൻറ കഴ്ച പൂർണമായും നഷ്ടമായി. തൻവീർ അഹ്മദ്, സുഹൈൽ അഹ്മദ് എന്നിവരുടെ മുഖം കണാനാവാത്ത വിധം വികൃതമായി.
അലീഗഡിൽ പത്താം ക്ലസിൽ പഠിക്കുന്ന തൻവീർ അഹ്മദ് സംഭവം വിവരിക്കുന്നത് ഇങ്ങനെ. ''കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചായിരുന്നു ഞങ്ങൾ ലഘു ഘോഷയാത്ര നടത്തിയത്. പൊലീസിന് ഇതിൽ ഇടപെടേണ്ട ആവശ്യം ഒന്നും തന്നെയില്ലായിരുന്നു. റാലി ബെമിന ചൗക്കിലെത്തിയപ്പോഴാണ് െപാലീസ് തടയുന്നതും യാതൊരു കാരണവുമില്ലാതെ പെല്ലറ്റ് ആക്രമണം നടത്തുന്നതും. എല്ലാ വഴികളും അടച്ചതിനാൽ പരിക്കേറ്റ പലരെയും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ പോലും സാധിച്ചില്ല''.
നിരവധി ചെറുപ്പക്കാർക്ക് സംഭവത്തിൽ പരിക്കേറ്റു. അഅ്ജാസ് അഹ്മദിനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കണമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. അഅ്ജാസിെൻറ ഒരു കണ്ണിെൻറ കാഴ്ച പൂർണമായി നഷ്ടമായതായും മറ്റേ കണ്ണിെൻറ കാഴ്ച തിരിച്ചു കിട്ടുമോയെന്ന് പറയാനാവില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
മുഹറം ഒമ്പത്, പത്ത് ദിനങ്ങളിൽ (ആഗസ്റ്റ് 28, 29 ) ജമ്മു കശ്മീരിൽ ആകെ 40ഓളം പേർക്ക് വിവിധ ഇടങ്ങളിലായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഒമ്പതോളം പേർ കണ്ണിന് പരിക്കേറ്റ് ചികിത്സയിലുണ്ടെന്നും ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും ശ്രീ മഹാരാജ ഹരി സിങ് ആശുപത്രി സൂപ്രണ്ട് നസീർ ചൗധരി പറഞ്ഞു.
'ഞങ്ങളുടെ റാലിക്കു നേരെ പൊലീസ് പാഞ്ഞടുത്തു. കാമറയുമായി നിന്ന മാധ്യമപ്രവർത്തകർക്കു നേരെയാണ് ആദ്യം പൊലീസ് നീങ്ങിയത്. പിന്നീട് പെല്ലറ്റ് ആക്രമണം നടത്തി. എല്ലാം പെട്ടെന്നായിരുന്നു. ഞങ്ങൾക്ക് മാറാൻ കഴിഞ്ഞില്ല. ഒരുതരത്തിലുള്ള പ്രകോപനവും ഉയരാതെയാണ് പൊലീസ് അക്രമം നടത്തിയത്'- പരിക്കേറ്റ 12ാം ക്ലാസുകാരൻ സുഹൈൽ അബ്ബാസ് പറഞ്ഞു.
മുഹറം ആഘോഷങ്ങൾക്ക് 1989 മുതൽ കശ്മീരിൽ പലയിടത്തും വിലക്കുണ്ട്. എന്നാൽ, ശിയ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഇതു ബാധകമല്ല. കോവിഡ് പശ്ചാതലത്തിൽ ശരീരം മുറിവേൽപിച്ചുള്ള ആചാരങ്ങൾ ഇത്തവണ വേണ്ടെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.