മുംബൈയില്‍ മൂന്നുകുട്ടികളുടെ കണ്ണ് നീക്കം ചെയ്തു; കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ ആശങ്കയുയർത്തുന്നു
text_fieldsമുംബൈ: കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ ആശങ്കയുയർത്തുന്നെന്ന് ഡോക്ടർമാർ. ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മുംബൈയിൽ മൂന്നുകുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. 4,6,14 പ്രായങ്ങളിലുള്ള കുട്ടികളുടെ കണ്ണുകളാണ് നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്.
ഇതിൽ നാലും ആറും വയസ്സുള്ള കുട്ടികൾ പ്രമേഹബാധിതരായിരുന്നില്ല. 14കാരി പ്രമേഹബാധിതയായിരുന്നു. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെൺകുട്ടിയുടെ വയറിന്‍റെ ഒരു ഭാഗത്തും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. കോവിഡ് നെഗറ്റീവ് ആയ ശേഷമാണ് ആ കുട്ടിയിൽ പ്രമേഹവും കണ്ടെത്തിയതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഈ കുട്ടിക്കും ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന പതിനാലുകാരിക്കും കോവിഡ് രണ്ടാംതരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി രണ്ട് ദിവസത്തിനുള്ളിൽ പതിനാലുകാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് പിഡിയാട്രീഷൻ ഡോ. ജേസൽ ഷേത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് തലച്ചോറിൽ എത്തിയില്ല. ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ അവൾക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു'- അദ്ദേഹം പറഞ്ഞു.
16 വയസ്സുള്ള പെൺകുട്ടി ഒരുമാസം മുമ്പ് വരെ ആരോഗ്യവതി ആയിരുന്നു. പ്രമേഹം അവൾക്ക് ഇല്ലായിരുന്നു. പക്ഷേ, കോവിഡ് നെഗറ്റീവ് ആയ ശേഷം പെട്ടന്ന് പ്രമേഹബാധിതയായി. ആമാശയത്തിൽ നിന്ന് രക്തം ഒഴുകുകയും ചെയ്തു. അങ്ങനെ ഓഡിയോഗ്രഫി നടത്തിയ ശേഷമാണ് വയറിന് അടുത്തുള്ള രക്തക്കുഴലിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത്' -ഡോ. ജേസൽ ഷേത്ത് പറഞ്ഞു.
നാലും ആറും വയസ്സുള്ള കുട്ടികളെ കെ.ബി.എച്ച്. ബചുവാലി ഒഫ്താൽമിക് ആൻഡ് ഇ.എൻ.ടി. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. 'ഇവർ രണ്ടുപേരും കോവിഡ് ബാധിതരായിരുന്നു. ബ്ലാക്ക് ഫംഗസ് അവരുടെ കണ്ണുകളിൽ പടർന്നിരുന്നു. കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കിൽ അവരുടെ ജീവന് തന്നെ ഭീഷണി ആകുമായിരുന്നു. നീക്കം ചെയ്ത കണ്ണിന് കാഴ്ചശക്തി പോയിരുന്നതിനാൽ അവർ ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഒരു കുട്ടി കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിലെത്തിയത്. മറ്റേക്കുട്ടി കോവിഡിന്‍റെ രണ്ടാംതരംഗത്തിലും'- ആശുപത്രിയിലെ ഡോ. പ്രീതേഷ് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു. ബ്ലാക്ക് ഫംഗസ് ബാധ തലച്ചോറിലേക്ക് പടരുന്നത് തടയാൻ കണ്ണ്, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.