ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പങ്കുവെച്ച ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് തമിഴ്നാട് ധനമന്ത്രി
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സ്വത്തവിവരം സംബന്ധിച്ച താൻ നടത്തിയ വെളിപ്പെടുത്തലെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് സംസ്ഥാന ധനമന്ത്രി പളനിവേൽ ത്യാഗരാജൻ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയും ക്ലിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ മകൻ ഉദയനിധി സ്റ്റാലിൻ മരുമകൻ ശബരീശൻ എന്നിവരുടെ സ്വത്തുക്കളെ സംബന്ധിച്ച് തമിഴ്നാട് ധനമന്ത്രി വെളിപ്പെടുത്തൽ നടത്തിയെന്ന പേരിലാണ് ഓഡിയോ ക്ലിപ്പ് പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേജുള്ള പ്രസ്താവനയാണ് തമിഴ്നാട് ധനമന്ത്രി പുറത്തിറക്കിയത്. ഓഡിയോ ക്ലിപ്പ് വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും സാങ്കേതികവിദ്യ ഉപയോഗിച്ച് ആർക്കും ഇത്തരം ക്ലിപ്പുകൾ നിർമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഓഡിയോ ക്ലിപ്പിന്റെ ഫോറൻസിക് പരിശോധനയുടെ തെളിവുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതുപ്രകാരം ബി.ജെ.പി അധ്യക്ഷൻ പങ്കുവെച്ച ഓഡിയോ വ്യാജമാണെന്നും തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ശക്തനായ വക്താവ് എന്ന് സ്വയം വിശേഷിപ്പിച്ച തമിഴ്നാട് ധനമന്ത്രി നിരവധി ആരോപണങ്ങളോട് താൻ പ്രതികരിച്ചിട്ടില്ലെന്നും എന്നാൽ ഇത്തവണ താൻ അതിന് നിർബന്ധിതനായെന്നും അദ്ദേഹം പറഞ്ഞു.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരത്തിലുള്ളളള ക്ലിപ്പുകൾ സൃഷ്ടിക്കാൻ കഴിയുന്നതിനാൽ വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വിഡിയോ ക്ലിപ്പുകൾ വന്നാൽ പോലും അദ്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പരിശോധിച്ചത് ഡി.എം.കെ തന്നെയാണെന്നും സ്വതന്ത്ര്യമായ ഏജൻസിയല്ലെന്നും തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.