അഞ്ച് വർഷം മുമ്പ് കാണാതായ കുട്ടിയെ തെലങ്കാന പൊലീസ് മുഖം തിരിച്ചറിയുന്ന ആപ്പിലൂടെ കണ്ടെത്തി
text_fieldsഗുവാഹതി: അഞ്ച് വർഷം മുമ്പ് യു.പിയിൽ നിന്ന് കാണാതായ കുട്ടിയെ തെലങ്കാന പൊലീസ് മുഖം തിരിച്ചറിയാൻ സഹായിക്കുന്ന ആപ്പ് വഴി കണ്ടെത്തി. കുട്ടി അസമിലെ ഒരു അനാഥാലയത്തിൽ കഴിയുന്നതായാണ് കണ്ടെത്തിയത്. തുടർന്ന്, മാതാപിതാക്കൾ എത്തി കുട്ടിയെ ഏറ്റെടുക്കുന്ന വൈകാരിക ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഓട്ടിസം ബാധിതനായ സോം സോണി എന്ന കുട്ടിയെ എട്ടു വയസ്സുള്ളപ്പോഴാണ് 2015 ജൂലൈയിൽ യു.പിയിലെ ഹാണ്ഡ്യ ജില്ലയിൽ നിന്ന് കാണാതായത്. അസമിലെ ഗോൽപാര ജില്ലയിൽ എത്തപ്പെട്ട കുട്ടിയെ പൊലീസ് ഒരു ശിശുക്ഷേമ കേന്ദ്രത്തിലാക്കി.
തെലങ്കാന പൊലീസ് ആവിഷ്കരിച്ച ദർപൺ എന്ന മുഖം തിരിച്ചറിയാൻ സഹായിക്കുന്ന ആപ്പ് ഉപയോഗിച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഈ ആപ്പിൽ രാജ്യത്തെ വിവിധ ശിശുക്ഷേമ കേന്ദ്രങ്ങളിലും മറ്റുമായി താമസിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ വിവരങ്ങൾ ഫോട്ടോ സഹിതം ശേഖരിച്ചിട്ടുണ്ട്. കാണാതായ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ഈ ആപ്പിൽ സെർച്ച് ചെയ്യുമ്പോൾ അതുമായി യോജിക്കുന്നവയുണ്ടെങ്കിൽ വിവരം ലഭിക്കും. പഴയ ഫോട്ടോയാണെങ്കിൽ പോലും വർഷം കണക്കാക്കി നിലവിലെ രൂപം നിർമിച്ചാണ് ആപ്പിൽ തിരച്ചിൽ നടത്തുക. ഇങ്ങനെ നടത്തിയ തിരച്ചിലിലാണ് യു.പിയിൽ നിന്ന് അഞ്ച് വർഷം മുമ്പ് കാണാതായ കുട്ടി അസമിൽ ഉണ്ടെന്ന് അറിഞ്ഞത്.
തുടർന്ന് തെലങ്കാന പൊലീസ് യു.പി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെയും കൂട്ടി അസമിലേക്ക് പുറപ്പെട്ടു. തുടർന്നാണ്, അഞ്ച് വർഷത്തിന് ശേഷം വികാരനിർഭര കൂടിക്കാഴ്ച നടന്നത്.
പത്ത് വർഷം മുമ്പ് കാണാതായ കുട്ടിയുടെ ഫോട്ടോ ആണെങ്കിൽ പോലും ഇന്നത്തെ രൂപം സ്വയം നിർമിച്ച് തിരച്ചിൽ നടത്താൻ ആപ്പ് വഴി സാധിക്കുമെന്ന് തെലങ്കാന പൊലീസ് പറയുന്നു. ഇത്തരത്തിൽ 24 കുട്ടികളെ ഇതുവരെ കണ്ടെത്തി രക്ഷിതാക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞെന്നും എ.ഡി.ജി.പി സ്വാതി ലാക്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.