വിദ്വേഷ പ്രസംഗം; ബി.ജെ.പി എം.എൽ.എ രാജ സിങ്ങിനെ ഒടുവിൽ ഫേസ്ബുക്ക് വിലക്കി
text_fieldsഹൈദരാബാദ്: വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനെ തുടർന്ന് ബി.ജെ.പി എം.എൽ.എയെ ഒടുവിൽ ഫേസ്ബുക്ക് വിലക്കി. തെലങ്കാനയിൽനിന്നുള്ള ടി. രാജ സിങ്ങിനെയാണ് വിലക്കിയത്. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതിനെതിരായ ഫേസ്ബുക്കിെൻറ നയം ലംഘിച്ചതിനാണ് ഇദ്ദേഹത്തെ വിലക്കിയതെന്ന് കമ്പനി വക്താവ് പറഞ്ഞു.
തെലങ്കാന നിയമസഭയിലെ ഒരേയൊരു ബി.ജെ.പി എം.എൽ.എയായ രാജ സിങ് വിദ്വേഷപ്രസംഗങ്ങൾക്ക് കുപ്രസിദ്ധനാണ്. ഇദ്ദേഹത്തിനെതിരെ വിദ്വേഷ പ്രസംഗ നിയമാവലി പ്രകാരം നടപടിയെടുക്കുന്നത് ഫേസ്ബുക്കിെൻറ ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥയായ അംഖി ദാസ് തടഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തിരുന്നു. ബി.ജെ.പിയുമായുള്ള ബന്ധം ഉലയാതിരിക്കാനായിരുന്നു ഇത്തരമൊരു നീക്കം.
ഇദ്ദേഹത്തെ 'അപകടകരമായ വ്യക്തി' എന്ന് രേഖപ്പെടുത്തുന്നതിൽ അംഖി ദാസ് ആശങ്ക ഉയർത്തിയതായി ഫേസ്ബുക് വക്താവ് പറഞ്ഞതായാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. സിങ്ങിനെ വിലക്കുന്ന കാര്യം കമ്പനി ആലോചിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ ഫേസ്ബുക്കിനെതിരെ വ്യാപക പ്രതിഷേധവും പരാതിയുമാണ് ഉയർന്നത്.
എന്നാൽ, തെൻറ പേരിൽ വ്യാജ അക്കൗണ്ടുകൾ ഒരുപാടുണ്ടെന്ന് കാണിച്ച് രാജ സിങ് രംഗത്തുവന്നിരുന്നു. തനിക്ക് ഒഫീഷ്യൽ ഫേസ്ബുക്ക് പേജില്ലെന്നുമായിരുന്നു അദ്ദേഹം ട്വിറ്ററിലൂടെ പ്രസിദ്ധപ്പെടുത്തിയ വിഡിയോയിൽ പറഞ്ഞത്. കൂടാതെ 2018ൽ തെൻറ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
അതേസമയം, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും അതിൽ ഏർപ്പെടുന്നതുമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്തതിനാണ് രാജ സിങ്ങിനെ ഫേസ്ബുക്കിൽനിന്ന് വിലക്കിയതെന്ന് അധികൃതർ അറിയിച്ചു. ഭരണകക്ഷിയായ ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും വിദ്വേഷ പ്രസ്താവനകൾ അവഗണിക്കുന്നതായ പരാതിയിൽ ഫേസ്ബുക്ക് ഇന്ത്യ എം.ഡി അജിത് മോഹൻ പാർലമെൻററി സമിതിക്കുമുന്നിൽ ബുധനാഴ്ച ഹാജരായിരുന്നു.
ഇലക്ട്രോണിക്സ്, വിവര, സാങ്കേതിക മന്ത്രാലയ പ്രതിനിധികളും ശശി തരൂർ എം.പി അധ്യക്ഷനായ സമിതിക്കു മുമ്പാകെയാണ് വിശദീകരണം നൽകാൻ എത്തിയത്. ബി.ജെ.പിക്കാരുടെ വിദ്വേഷ പ്രസ്താവനകൾ കണ്ടില്ലെന്നുനടിച്ച് ഫേസ്ബുക്ക്, സർക്കാറുമായി ഒത്തുകളിക്കുകയാണെന്ന 'വാൾസ്ട്രീറ്റ് ജേർണൽ' റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പാർലമെൻററി സമിതി ഇവരെ വിളിച്ചുവരുത്തിയത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ അപ്രീതിക്ക് പാത്രമാകുമെന്ന് ഭയന്ന് ബി.ജെ.പി നേതാക്കളുടെ മുസ്ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ ഫേസ്ബുക് കണ്ണടക്കുന്നതായാണ് ആരോപണമുയർന്നത്. ഫേസ്ബുക്കിന്‍റെ വിദ്വേഷ പ്രസംഗ നിയമാവലികൾ ബി.ജെ.പി നേതാക്കൾക്കെതിരെയും ഹിന്ദുത്വവാദികൾക്കും സംഘടനകൾക്കും എതിരെയും നടപ്പാക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥ തടയുന്നതായി ദ വാൾസ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്.
മുസ്ലിംകൾ മനഃപൂർവം കൊറോണ വൈറസ് പരത്തുന്നുവെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി ലവ് ജിഹാദിന് നേതൃത്വം നൽകുന്നുവെന്നും ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ പോസ്റ്റ് ചെയ്തിട്ടും ഇവർക്കെതിരെ നടപടിയെടുക്കാൻ ഫേസ്ബുക്ക് തയാറായിരുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിക്കാനും അംഖി ദാസ് ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
രാജ സിങ്ങിന്‍റെയും ബി.ജെ.പി നേതാവായ അനന്തകുമാർ ഹെഗ്ഡേയുടെയും മുസ്ലിംവിരുദ്ധത നിറഞ്ഞ പോസ്റ്റുകൾ ഫേസ്ബുക്ക് നീക്കിയിരുന്നില്ല. വാൾസ്ട്രീറ്റ് ജേണൽ ലേഖകർ അന്വേഷിച്ചതിനെ തുടർന്ന് ഏതാനും പോസ്റ്റുകൾ ഒഴിവാക്കി. രാജ സിങ്ങിന് നീല ടിക് അടയാളത്തോടെയുള്ള വെരിഫൈഡ് അക്കൗണ്ട് ഉണ്ടാവില്ലെന്നും ഫേസ്ബുക്ക് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.