തെരഞ്ഞെടുപ്പ് പരസ്യം; മറ്റ് രാഷ്ട്രീയ പാർട്ടികളേക്കാൾ ബി.ജെ.പിക്ക് ഇളവ് നൽകി ഫേസ്ബുക്ക്
text_fieldsബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റതുമുതൽ സമൂഹമാധ്യമമായ ഫേസ്ബുക്ക് ബി.ജെ.പിക്ക് വേണ്ടുന്ന 'സഹായങ്ങൾ' നൽകിവരുന്നു എന്ന് നേരത്തേ മുതലേ ഉയർന്നുകേൾക്കുന്ന പരാതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്കിന്റെ ആസ്ഥാനം സന്ദർശിച്ചതിന് ശേഷം ഈ സഹകരണം കൂടുതൽ ശക്തിപ്പെട്ടതായും ആരോപണങ്ങൾ ഉയർന്നിരുന്നു. അതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിലെ തെരഞ്ഞൈടുപ്പുകാല പരസ്യച്ചെലവു കണക്കുകൾ വിശകലനം ചെയ്താണ് ബി.ജെ.പിക്ക് നൽകിയ ഇളവുകൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ബി.ജെ.പിക്ക് മറ്റ് രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച് വിലകുറഞ്ഞ പരസ്യ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. 10 തെരഞ്ഞെടുപ്പുകളിൽ ഫേസ്ബുക്കിൽവന്ന പരസ്യം മുൻനിർത്തിയാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഒമ്പതിലും എതിരാളികളേക്കാൾ കുറഞ്ഞ നിരക്കാണ് പരസ്യങ്ങൾക്ക് ബി.ജെ.പിയിൽനിന്ന് ഈടാക്കിയത്.
ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഉപഭോക്താവായ ബി.ജെ.പിയെ കുറഞ്ഞ നിരക്കിൽ കൂടുതൽ വോട്ടർമാരിലേക്ക് പരസ്യങ്ങൾ എത്തിക്കാൻ അവർ അനുവദിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബി.ജെ.പിക്ക് കൂടുതൽ ഊർജം പകരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ ആസ്ഥാനമായുള്ള മീഡിയ ഓർഗനൈസേഷനായ റിപ്പോർട്ടേഴ്‌സ് കലക്ടീവ്, സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പരസ്യങ്ങൾ പഠിക്കുന്ന ഗവേഷണ പദ്ധതിയായ ആഡ് ഡോട്ട് വാച്ച് എന്നിവ 2019 ഫെബ്രുവരി മുതൽ 2020 നവംബർ വരെ ഫേസ്ബുക്കിൽ നൽകിയ 536,070 രാഷ്ട്രീയ പരസ്യങ്ങളുടെ ഡാറ്റ വിശകലനം ചെയ്തതിൽനിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ഒരു പരസ്യം പത്ത് ലക്ഷം പ്രാവശ്യം കാണിക്കാൻ ശരാശരി 41,844 രൂപ ബി.ജെ.പിയിൽ നിന്ന് ഈടാക്കുമ്പോൾ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽനിന്ന് 53,776 രൂപയാണ് ഇടാക്കുന്നത്. ഏതാണ്ട് 29 ശതമാനം കൂടുതൽ. പത്തര കോടി രൂപയാണ് ഈ കാലയളവിൽ ബി.ജെ.പിയും സഖ്യകക്ഷികളും ഫേസ്ബുക്കിൽ പരസ്യത്തിന് മാത്രം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.