ബി.ജെ.പി എം.പിയുമായി ബന്ധപ്പെട്ട വ്യാജ അക്കൗണ്ടുകൾ മാത്രം ഫേസ്ബുക് നീക്കം ചെയ്തില്ല -മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിൽ സമൂഹമാധ്യമ ഭീമൻമാരായ ഫേസ്ബുക്ക് വിവേചനം കാണിച്ചുവെന്ന് മുൻ ഡേറ്റ സയൻറിസ്റ്റിന്‍റെ വെളിപ്പെടുത്തൽ. ഡൽഹി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ രാഷ്ട്രീയ നേതാക്കളുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ വ്യത്യസ്തമായ നിലപാടുകളാണ് ഓരോ രാഷ്ട്രീയ പാർട്ടികളുടെയും വ്യാജ അക്കൗണ്ടുകളോട് സ്വീകരിച്ചതെന്നാണ് വിസിൽ ബ്ലോവറായ സോഫി ഷാങ്ങിന്‍റെ വെളിപ്പെടുത്തൽ.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ബി.ജെ.പിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ, ഒരു ബി.ജെ.പി നിയമനിർമാതാവുമായി നേരിട്ട് ബന്ധമുള്ള വ്യാജ അക്കൗണ്ടുകൾ മാത്രം േഫസ്ബുക്ക് മരവിപ്പിച്ചില്ലെന്ന് അവർ പറഞ്ഞു.
'അഞ്ച് നെറ്റ്വർക്കുകളിൽ നാലെണ്ണത്തിനെതിരെ ഞങ്ങൾ നടപടിയെടുത്തു. എന്നാൽ അഞ്ചാമത്തേത് അവസാന നിമിഷം ഒരു ലോക്സഭ എം.പി കൂടിയായ ബി.ജെ.പി നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കി. പിന്നീട് എനിക്ക് മനസിലായി, ഈ വ്യാജ അക്കൗണ്ടുകളുടെ നെറ്റ്വർക്ക് സംബന്ധിച്ച യാതൊരു വിവരം തനിക്ക് ലഭിക്കില്ലെന്ന്' -ഷാങ് പറഞ്ഞു.
2019 അവസാനത്തോടെ നാല് വ്യാജ നെറ്റ്വർക്കുകൾ കണ്ടെത്തിയിരുന്നു. ഇതിൽ രണ്ടെണ്ണം ബി.ജെ.പിയെയും രണ്ടെണ്ണം കോൺഗ്രസിനേയും പിന്തുണക്കുന്നതായിരുന്നു. 'ഞങ്ങൾ മൂന്ന് നെറ്റ്വർക്കുകൾ നീക്കം ചെയ്തു, ഇതിൽ രണ്ടെണ്ണം കോൺഗ്രസിന്‍റെയും ഒരെണ്ണം ബി.ജെ.പിയുടെയുമായിരുന്നു. അവസാനത്തെ നെറ്റ്വർക്ക് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ പെട്ടന്നുതന്നെ അവർ തടഞ്ഞു. അവർ ഇത് നേരിട്ട് ബി.ജെ.പി നേതാവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് മനസിലാക്കിയിരുന്നു. അതിനാൽ തന്നെ ആ നെറ്റ്വർക്ക് നീക്കം ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചില്ല' -സോഫി പറഞ്ഞു. അഞ്ചാമത്തെ നെറ്റ്വർക്ക് ജനുവരി അവസാനത്തോടെയാണ് നീക്കം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
എ.എ.പി പ്രവർത്തകരും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചിരുന്നവർ അഴിമതിക്കെതിരെ പോരാടാനായി അരവിന്ദ് കെജ്രിവാളിലേക്ക് മാറുന്നുവെന്ന പ്രചാരണത്തിനാണ് എ.എ.പി വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. മോദി ഭരണത്തിൽ കീഴിൽ അവരുടെ അനുയായികൾ പോലും ദുഃഖത്തിലാണെന്ന് തെറ്റിദ്ധരിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം.
ഫേസ്ബുക്കിന്റെ യഥാർഥ ലക്ഷ്യം ജനാധിപത്യം സംരക്ഷിക്കലല്ല, പണമുണ്ടാക്കലാണെന്നും അവർ ആരോപിച്ചു. മൂന്നുവർഷത്തോളം ഫേസ്ബുക്കിലെ ഡേറ്റ അനലിസ്റ്റായിരുന്നു സോഫി. 2020ൽ കമ്പനിയിൽനിന്ന് പുറത്തുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.