ഫേസ്ബുക്ക്, വാട്സ്ആപ് സ്വകാര്യത നയം: മറുപടി നൽകാൻ സമയപരിധി നീട്ടി
text_fieldsന്യൂഡൽഹി: സ്വകാര്യത നയത്തിനെതിരെ ഇന്ത്യൻ കോമ്പറ്റീഷൻ കമീഷൻ നൽകിയ നോട്ടീസിന് മറുപടി സമർപ്പിക്കാൻ വാട്സ്ആപ്പിനും ഫേസ്ബുക്കിനും ഡൽഹി ഹൈകോടതി സമയം നീട്ടി നൽകി. വാട്സ്ആപ്പിന്റെയും ഫേസ്ബുക്കിന്റെയും പുതിയ സ്വകാര്യത നയം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി 2021 ജൂൺ നാല്, എട്ട് തീയതികളിലായി കോമ്പറ്റീഷൻ കമീഷൻ രണ്ട് നോട്ടീസുകളാണ് അയച്ചത്.
സ്വകാര്യത നയം സംബന്ധിച്ച് കോമ്പറ്റീഷൻ കമീഷൻ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജി ഡൽഹി ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്സ്ആപ്പും ഫേസ്ബുക്കും നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഫേസ്ബുക്കിനോട് പുതിയ പരാതി നൽകാനും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.എൻ. പാട്ടീൽ, ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പാർലമെന്റിന്റെ പരിഗണനക്കെത്താത്ത വിവര സംരക്ഷണ നിയമം ഇക്കാര്യത്തിൽ പ്രസക്തമല്ലെന്ന് കോമ്പറ്റീഷൻ കമീഷനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖി വ്യക്തമാക്കി. വിവര സംരക്ഷണ ബിൽ എന്ന് പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കുമെന്നത് വ്യക്തമല്ലാത്തതിനാൽ ഹരജി മാർച്ച് 30ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.
പുതിയ സ്വകാര്യത നയം തൽക്കാലികമായി മരവിപ്പിച്ചതായും പരിഷ്കാരങ്ങൾ സ്വമേധയ നിർത്തിവെച്ചതായും വാട്സ്ആപ് നേരത്തെ ഡൽഹി ഹൈകോടതിയിൽ അറിയിച്ചിരുന്നു. വിവര സംരക്ഷണ നിയമം നിലവിൽവരുന്നതുവരെ വാട്സ്ആപ് സ്വകാര്യതനയം നടപ്പാക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. വാട്സ്ആപ്പിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ് ഹാജരായത്.
മേയ് 15 മുതൽ നിലവിൽവന്ന വാട്സ്ആപ്പിന്റെ സ്വകാര്യത നയത്തിനെതിരെ വലിയ വിമർശനം ഉയർന്നു. വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്നും കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരമാണ് ഫേസ്ബുക്കിന് നൽകുക എന്നുമാണ് വാട്സ്ആപ് വിശദീകരിച്ചത്.
പുതിയ സ്വകാര്യത നയത്തിനെതിരെ സർക്കാർ എതിർപ്പുന്നയിച്ചെങ്കിലും മാറ്റമൊന്നും വരുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ നോട്ടീസയച്ച് അന്വേഷണ നടപടികളിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.