താലി ചാർത്താൻ കാമുകൻ വിലങ്ങണിഞ്ഞെത്തി
text_fieldsവിവാഹം സ്വർഗത്തിൽ നടക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഒാൾഡ് ബിഹാർ സ്വദേശിയും എൻജിനീയറുമായ 28കാരൻ റിതേഷ് കുമാറിന്‍റെ വിവാഹം കൈവിലങ്ങ് അണിഞ്ഞായിരുന്നു. കുറ്റം മറ്റൊന്നുമല്ല, ഫേസ്ബൂക്കിലൂടെ പരിചയപ്പെട്ട ഝാർഖണ്ഡിലെ ധൻബാദ് സ്വദേശിയും 23കാരിയുമായ സുദിപ്തി കുമാരിയെ ഒഴിവാക്കാനുള്ള ശ്രമമാണ് കാമുകനെ ജയിലിലെത്തിച്ചത്. ജയിലിൽ നിന്ന് റിതേഷ് വിലങ്ങണിഞ്ഞ് പൊലീസ് വാഹനത്തിലും സുദിപ്തി വീട്ടിൽ നിന്ന് കാറിലും വിവാഹ വേദിയിലെത്തി. അപൂർവ വിവാഹത്തിന് സാക്ഷിയാകാൻ ബന്ധുക്കളും സുഹൃത്തുകളും ഉണ്ടായിരുന്നു.
2012ൽ ഫേസ്ബുക്ക് ചാറ്റിങ്ങിലൂടെയാണ് റിതേഷും സുദിപ്തിയും ആദ്യം പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. ധൻബാധിലെത്തിയ റിതേഷ് സുദിപ്തിയെ നേരിൽ കണ്ടു. ഇതിനിടെ ബന്ധുക്കളെ അറിയിക്കാതെ കമിതാക്കൾ ക്ഷേത്രത്തിൽവെച്ച് വിവാഹിതരുമായി. എന്നാൽ, ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ച് വിവാഹം കഴിക്കണമെന്ന് സുദിപ്തി ആവശ്യപ്പെട്ടെങ്കിലും റിതേഷ് വഴങ്ങിയില്ല. അമ്മ ആത്മഹത്യ ചെയ്യുമെന്നതിനാൽ വിവാഹം കഴിക്കാൻ സാധിക്കില്ലെന്നാണ് റിതേഷ് പറഞ്ഞത്.
ഇതിൽ ദുഃഖത്തിലായ പെൺകുട്ടി, ദലിത് യുവതിയായ തന്നെ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി റിതേഷിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബിഹാറിലെ കഹൽഗോൻ നാഷണൽ തെർമൽ പവർ സ്റ്റേഷനിലെ ജീവനക്കാരനായ റിതേഷിനെ ജോലി സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീട് മനസ് മാറിയ സുദിപ്തി ജയിലിലെത്തി റിതേഷിനെ കണ്ടു. ഒരാഴ്ചക്ക് ശേഷം പെൺകുട്ടിയോട് വിവാഹം കഴിക്കാമെന്ന് റിതേഷ് വാഗ്ദാനം ചെയ്യുകയും അവൾ അംഗീകരിക്കുകയുമായിരുന്നു.
വിവാഹം കഴിക്കാനായി ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അനുമതി നൽകണമെന്ന് ചൂണ്ടിക്കാട്ടി ഒരു മാസം മുമ്പാണ് റിതേഷ് കോടതിയിൽ അപേക്ഷ നൽകിയത്. കോടതിയുടെ അനുമതി ലഭിച്ചതോടെ റിതേഷിനും സുദിപ്തിക്കും വിവാഹത്തിന് വഴിയൊരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.